ദി കേരള സ്‌റ്റോറി സിനിമയ്ക്ക് സംസ്ഥാനത്ത് പ്രദര്‍ശനാനുമതി നല്‍കരുത്: കെ കെ ഏബ്രഹാം

Wayanad

സുല്‍ത്താന്‍ ബത്തേരി: കേരളത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചുള്ള ദി കേരള സ്‌റ്റോറി സിനിമയ്ക്ക് സംസ്ഥാനത്ത് പ്രദര്‍ശനാനുമതി നല്കരുതെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ ഏബ്രഹാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഘ പരിവാറിന്റെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന സിനിമയുടെ നിര്‍മാതാവിനും സംവിധായകനുമെതിരെ കലാപ ശ്രമത്തിന് കേസെടുക്കണം. ദി കേരള സ്‌റ്റോറി സിനിമ നിരോധിക്കില്ല എന്ന സി പി എം നിലപാട് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ്. സംഘ പരിവാര്‍ സി പി എം അന്തര്‍ധാര ഇതോടു കൂടി കൂടുതല്‍ തെളിമയാര്‍ന്ന് വെളിപ്പെട്ടിരിക്കുകയാണെന്നും അബ്രഹാം പ്രസ്താവനയില്‍ പറഞ്ഞു.

സിനിമ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തുന്നില്ല. അതിശയോക്തി നിറഞ്ഞ പ്രമേയം കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കും വിധം ആവിഷ്‌ക്കരിച്ചിരിക്കുന്നത് ദുരുദ്ദേശത്തോടെയാണ്. കലയുടെയും ആവിഷ്‌ക്കാര സ്വാതന്ത്രൃത്തിന്റെയും മേല്‍വിലാസവും അകമ്പടിയുമുണ്ടെങ്കില്‍ സമൂഹത്തില്‍ ഏതു വിധത്തിലുള്ള ഭിന്നിപ്പും അസഹിഷ്ണുതയും സൃഷ്ടിച്ച് സാമ്പത്തീക, രാഷ്ട്രീയ, നേട്ടങ്ങള്‍ കൊയ്യാനാണ് ശ്രമം. ഇത് ശ്രമം അംഗീകരിക്കാനാവില്ല. സിനിമ വസ്തുതാ വിരുദ്ധമായ സന്ദേശമാണ് പൊതു സമൂഹത്തിന് നല്കുന്നത്.

സഹിഷ്ണുതയുടെയും ചേര്‍ത്തുനിര്‍ത്തലിന്റെയും സന്ദേശം പൊതുസമൂഹത്തിന് നല്കി സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു പകരം സമൂഹത്തില്‍ സ്പര്‍ദ്ധയും വെറുപ്പും അസഹിഷ്ണതയും സൃഷ്ടിയ്ക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. സംഘപരിവാറിനെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ആശയങ്ങളുടെ അകമ്പടിയുമായി ഒരു സമൂഹത്തെ ഭിന്നിപ്പിയ്ക്കാന്‍ സിനിമയെന്ന മാധ്യമത്തെ ഉപയോഗിക്കുന്നത് നികൃഷ്ടമായ രീതിയാണെന്നും ഏബ്രഹാം ചൂണ്ടിക്കാട്ടി.