തിരുവനന്തപുരം: പ്രസവമെടുക്കുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടി ഇടതു കൈയ്ക്ക് ചലന ശക്തി നഷ്ടായി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് ചികിത്സാപിഴവ് സംഭവിച്ചതെന്ന പരാതി ഉയര്‍ന്നത്. പ്രസവ സമയം ജൂനിയര്‍ ഡോക്ടറും നഴ്‌സുമാരും മാത്രമാണ് ലേബര്‍ റൂമില്‍ ഉണ്ടായിരുന്നതെന്നും ആരോപണമുണ്ട്.
മാര്‍ച്ച് 27നായിരുന്നു അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. ജനിച്ച ശേഷം കുഞ്ഞിന്റെ ഇടതുകൈ അനങ്ങുന്നുണ്ടായിരുന്നില്ല. ഇതേ കുറിച്ച് ഡോക്ടറോട് സംസാരിച്ചപ്പോള്‍ രണ്ടാഴ്ച കഴിയുമ്പോള്‍ ശരിയാകുമെന്നായിരുന്നു മറുപടി. പിന്നീട് അവിടെ തന്നെയുള്ള മറ്റൊരു ഡോക്ടര്‍ പറഞ്ഞതനുസരിച്ച് എസ് എ ടി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
കുഞ്ഞിനെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് എല്ല് പൊട്ടാന്‍ കാരണമെന്ന മറുപടിയാണ് എസ് എ ടി ആശുപത്രിയില്‍ നിന്ന് ലഭിച്ചത്. പ്രസവത്തിനിടെ ഞെരമ്പ് വലിഞ്ഞുപോയെന്നും പരാതിയിലുണ്ട്. എല്ലിന്റെ പൊട്ടല്‍ ശരിയായെങ്കിലും ഞെരമ്പിന്റെ പ്രശ്‌നം മാറിയിട്ടില്ലെന്ന് കുടുംബം പറയുന്നു. ആരോഗ്യമന്ത്രിക്കുള്‍പ്പടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സമീപകാലത്തായി സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്.