മരണത്തിലും വേര്‍ പിരിയാത്ത കൂട്ട്; നാടിന് നൊമ്പരമായി ദുരന്തം

Gulf News GCC

റിയാദ്: മരണത്തിനും അവരെ വേര്‍പിരിക്കാനായില്ല. ഒരുമിച്ച് പഠിക്കുകയും ഒരുമിച്ച് ജോലി ചെയ്യുകയും ചെയ്ത മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസുഫിന്റെ മകന്‍ അബ്ദുല്‍ ഹക്കീമും (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കാവുങ്ങള്‍ തൊടിയില്‍ ഇര്‍ഫാന്‍ ഹബീബുമാണ് (33) മരണത്തിലും വേര്‍പിരിയാത്ത കൂട്ടായി മാറിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ റിയാദ് ഖാലിദിയയിലെ പമ്പിനോട് ചേര്‍ന്ന ഇവരുടെ താമസ സ്ഥലത്ത് തീപിടിത്തത്തിലാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്.

ഇവര്‍ രണ്ടുപേരും കോട്ടക്കല്‍ എന്‍ജിനീയറിങ് കോളജില്‍ നിന്നു ഒരേസമയമാണ് ബിടെക് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് നാട്ടില്‍ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് ഇരുവരും ഗള്‍ഫിലേയ്ക്ക് പോകുന്നത്. ഗള്‍ഫില്‍ ഇരുവര്‍ക്കും പമ്പിലെ ടെക്‌നീഷ്യന്‍ തസ്തികയില്‍ എത്തിയവരാണ്. ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരേയും ദുരന്തത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്.