അവകാശികളില്ലാത്തവരുടെ സ്വത്തുക്കള്‍ പൊതുനന്മയ്ക്കുള്ള നിക്ഷേപമാക്കുമെന്ന് യു എ ഇ

Gulf News GCC

അബുദാബി: അവകാശികളില്ലാത്തവരുടെ സ്വത്തുക്കള്‍ പൊതുനന്മയ്ക്കുള്ള നിക്ഷേപമാക്കി മാറ്റുമെന്ന് യു എ ഇ. അനന്തരാവകാശികളില്ലാത്ത പ്രവാസികളുടെ സമ്പാദ്യം അവരുടെ സ്മരണക്കായുള്ള നിക്ഷേപമാക്കാനാണ് തീരുമാനം. ഫെഡറല്‍ നാഷനല്‍ കൗണ്‍സിലാണ് ഇക്കാര്യം അറിച്ചത്. രാജ്യത്ത് പ്രവാസികള്‍ മരണപ്പെടുകയും അവരുടെ സ്വത്തുവകകള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്താല്‍ അത് ഏറ്റെടുക്കും.

സ്വത്തിന് അനന്തരാവകാശികള്‍ ഇല്ലാതിരിക്കുമ്പോള്‍ ഇത്തരം സമ്പാദ്യം മരണപ്പെട്ടവരുടെ പേരില്‍ വഖഫ് (പൊതുനന്മ ലക്ഷ്യം വച്ചുള്ള) സംരംഭങ്ങളാക്കണം. ഇതു വഴി ലഭിക്കുന്ന ലാഭവും മറ്റും ദരിദ്രര്‍ക്കും അഗതികള്‍ക്കും വിദ്യാഭ്യാസ സഹായവും മറ്റുമായി നല്‍കും. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗം ഹുമൈദ് അലി അല്‍ അബ്ബാര്‍ അല്‍ഷാംസിയാണ് നീതിന്യായ മന്ത്രി അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍ നുഐമിക്ക് നിര്‍ദേശം സമര്‍പ്പിച്ചത്. എല്ലാ എമിറേറ്റിലും കൂടി അനന്തരാവകാശികള്‍ ഇല്ലാത്ത എത്ര പണം ഉണ്ടെന്നു കണക്കെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ ശരീഅ കോടതികളാണ് ഇതിനു നേതൃത്വം നല്‍കുക. വിവരം ശേഖരിച്ചുകഴിഞ്ഞാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കും. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഈ തുക വിനിയോഗിക്കുകയെന്ന് സമിതി ഉറപ്പാക്കണമെന്നും അല്‍ഷാം സി ആവശ്യപ്പെട്ടു.