ബോട്ട് അപകടം: ജുഡീഷ്യല്‍ അന്വേഷണം, പത്ത് ലക്ഷം ധനസഹായം

Kerala

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കും. കേരളത്തില്‍ വാക്കുകളില്‍ രേഖപ്പെടുത്താന്‍ കഴിയാത്തത്ര വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10 പേരില്‍ രണ്ട് പേര്‍ ആശുപത്രി വിട്ടു. എട്ട് പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ കരുതല്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവലോകന യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അപകടത്തില്‍ പരുക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. അപകടത്തില്‍പെട്ട് 11 പേര്‍ മരിച്ച പരപ്പനങ്ങാടി കുന്നുമ്മല്‍ സെയ്തലവിയുടെ വീടും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സന്ദര്‍ശിച്ചു. ഇതിന് ശേഷമായിരുന്നു അവലോകന യോഗം.