ജലദുരന്തം: ആ മൂന്ന് റിപ്പോര്‍ട്ടുകള്‍ക്ക് എന്ത് സംഭവിച്ചു

News

തിരുവനന്തപുരം: സംസ്ഥാനത്ത് നേരത്തെ നടന്ന മൂന്ന് ബോട്ട് അപകടങ്ങളെ കുറിച്ച് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്ന ചോദ്യം പ്രസക്തമാകുന്നു. കോടികള്‍ ചെലവഴിച്ച് ഉണ്ടാക്കിയ ഈ റിപ്പോര്‍ട്ടുകളില്‍ അടയിരിക്കുകയല്ലാതെ ഒന്നുപോലും പരിഗണിച്ചിരുന്നില്ലെന്നാണ് താനൂര്‍ ബോട്ടപകടത്തില്‍ നിന്നും വ്യക്തമാകുന്നത്. ഈ മൂന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടുകളും പൊടിപിടിച്ചു കിടക്കുമ്പോഴാണ് വീണ്ടുമൊരു ജുഡീഷ്യല്‍ അന്വേഷണം കൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

2002 ല്‍ കുമരകം ബോട്ടു ദുരന്തം, 2007ലെ തട്ടേക്കാട് ബോട്ട് ദുരന്തം, 2009ല്‍ തേക്കടി ബോട്ടു ദുരന്തം എന്നിവ അന്വേഷിക്കുന്നതിന് കോടികള്‍ ചെലവഴിച്ചാണ് കമ്മിഷനെ നിയോഗിച്ച് അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടാക്കിയത്. ഇത് സര്‍ക്കാറിന് ലഭിച്ചെങ്കിലും എന്തുനടപടിയാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സര്‍ക്കറിനുണ്ട്.

കുമരകം ബോട്ടു ദുരന്തം ഉണ്ടായപ്പോള്‍ തന്നെ ജലഗതാഗതത്തിന് സുരക്ഷാ കമ്മീഷണര്‍ വേണമെന്ന് ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ദുരന്തം നടന്ന് 21 വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ല. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ബോട്ടുകളുടെ ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിര്‍ദേശവും ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ വച്ചിരുന്നു. ഇതിലും അത്തരത്തിലുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പ്രസ്തുത ബോട്ട് സാങ്കേതിക വൈദഗധ്യമുള്ളവര്‍ ഇതുവരെ പരിശോധിച്ചിട്ടില്ലെന്നാണ് താനൂര്‍ അപകടത്തിന്റെ വെളിച്ചത്തില്‍ വ്യക്തമാകുന്ന കാര്യം.

തേക്കടി ബോട്ടു ദുരന്തം അന്വേഷിച്ച ജസ്റ്റിസ് പരീത് പിള്ള കമ്മീഷനും നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ആ നിര്‍ദേശങ്ങളില്‍ ഒന്നും നടപ്പാക്കാതെയാണ് പുതിയ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കന്നത്. പഴയ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഇത്തരത്തിലൊരു ദുരന്തം സംഭവിക്കില്ലായിരുന്നു. 22 ജീവനുകള്‍ ഇന്ന് മണ്ണിനടിയിലേക്ക് പോകില്ലായിരുന്നു.

ജലഗതാഗതത്തിന് ഉപയോഗിക്കുന്ന ബോട്ടുകള്‍ അത് യാത്ര ബോട്ടുകളായാലും വിനോദ സഞ്ചാര ബോട്ടുകളാണെങ്കിലും അവയുടെ ഫിറ്റ്‌നസ് അതീവ പ്രധാന്യമുള്ളതാണ്. അതോടൊപ്പം സാങ്കേതിക തകരാറുകളും പരിഹരിക്കപ്പെട്ടതാകണം. കേരളത്തില്‍ ജലഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ഉപയോഗിക്കുന്ന ബോട്ടുകളില്‍ ഭൂരിഭാഗത്തിനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്നാണ് വ്യക്തമാകുന്നത്. റോഡപകടങ്ങള്‍ കുറക്കാനെന്ന പേരില്‍ എ ഐ ക്യാമറയും സാധാക്യാമറയും പുറമെ പൊലീസും എം വി ഡിയുമെല്ലാം പരിശോധന നടത്തി പാവങ്ങളെ പിഴിയുന്ന നാട്ടിലാണ് യാതൊരുമാനദണ്ഡങ്ങളും പാലിക്കാതെ നിയമങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടുകള്‍ കേരളത്തില്‍ സര്‍വിസ് നടത്തുന്നത്.

താനൂരില്‍ അപകടത്തില്‍പെട്ട ബോട്ട് മത്സ്യബന്ധന ബോട്ടായിരുന്നെന്നും വിനോദ സഞ്ചാര നൗകയായി രൂപ മാറ്റം വരുത്തിയതാണെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അങ്ങിനെയെങ്കില്‍ ഗുരുതരമായ കുറ്റമാണ് ബോട്ടുടമയും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരും ചെയ്തിരിക്കുന്നത്. മത്സ്യ ബന്ധത്തിനുള്ള ബോട്ടിന്റെ രൂപ ഘടനയും വിനോദ സഞ്ചാരത്തിനുള്ള ബോട്ടിന്റെ രൂപ ഘടയും വളരെ വ്യത്യസ്തമാണ്. ജലഗതാഗതത്തിന് ഉപയോഗിക്കുന്ന ബോട്ടുകളില്‍ ലൈഫ് ജാക്കറ്റുകള്‍ ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുളള ലൈഫ് ജാക്കറ്റുകള്‍ വേണമെന്ന് മാത്രമല്ല അവ ധരിച്ചുകൊണ്ട് മാത്രമേ ബോട്ടില്‍ കയറാന്‍ അനുവദിക്കാവൂ. എന്നാല്‍ കേരളത്തില്‍ ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് താനൂര്‍ നല്‍കുന്ന പാഠം.

തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച ജസ്റ്റിസ് മൊയ്തീന്‍ കുഞ്ഞ് കമ്മീഷനും ജലദുരന്തം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നിരവധി നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നുപോലും നടപ്പിലായിട്ടില്ലെന്ന് ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍ ഓര്‍മ്മിപ്പിക്കപ്പെടുന്നു.