ആദിവാസി യുവതിയുടെ മരണത്തിന് കാരണം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥ: യൂത്ത് കോണ്‍ഗ്രസ്‌

Wayanad

കല്പറ്റ: മുണ്ടേരി മരവയല്‍ കോളനിയിലെ ആദിവാസി യുവതി അമൃതയുടെ മരണത്തില്‍ ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഉന്നതല സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായി ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ വീഴ്ചകള്‍ മൂലം ഇത്തരത്തില്‍ നിരവധി മരണങ്ങള്‍ നടന്നിട്ടുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അധികാരികള്‍ ആവശ്യമായ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി സി സി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഡിന്റോ ജോസ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സുനീര്‍ ഇത്തിക്കല്‍, ജവഹര്‍ ബാലമഞ്ച് ജില്ലാ ചെയര്‍മാന്‍ ഷാഫി പുല്‍പാറ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാരായ മുഹമ്മദ് ഫെബിന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.