വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ടിന് നാളെ തുടക്കമാകും

Business

കൊച്ചി: ടൂറിസം മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബയര്‍സെല്ലര്‍ മേളയായ കേരള ട്രാവല്‍ മാര്‍ട്ടി(കെ.ടി.എം.)ന്റെ രണ്ടാം വെര്‍ച്വല്‍ പതിപ്പ് മെയ് 9 മുതല്‍ 12 വരെ നടക്കും. കെ ടി എം സൊസൈറ്റി സംഘടിപ്പിക്കുന്ന മീറ്റ് ഡിജിറ്റല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള വ്യാപാര പങ്കാളികളിലേക്കും വിനോദസഞ്ചാരികളിലേക്കും എത്തിച്ചേരാന്‍ അവസരമൊരുക്കും.

കേരള ട്രാവല്‍ മാര്‍ട്ട് 2023 (കെ.ടി.എം. 2023) മെയ് 9 ന് വൈകിട്ട് 7 ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണവും നിയമ കയര്‍ വ്യവസായ മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയും ആയിരിക്കും. കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സെഷനില്‍ ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് ആമുഖപ്രഭാഷണം നടത്തും. കെ.ടി.എം. പ്രസിഡന്റ് ബേബി മാത്യു സ്വാഗതവും കെ.ടി.എം. സെക്രട്ടറി ജോസ് പ്രദീപ് നന്ദിയും പറയും.

ബിസിനസ് മീറ്റുകള്‍ക്ക് പുറമേ ലോകമെമ്പാടുമുള്ള ടൂറിസം മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചും പ്രധാന ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ കേരളത്തിന്റെ സ്ഥാനത്തെക്കുറിച്ചും മീറ്റില്‍ ചര്‍ച്ചകള്‍ നടക്കും. ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും ടൂറിസം പങ്കാളികളുടെയും നേതൃത്വത്തില്‍ സുപ്രധാന വിഷയങ്ങളില്‍ സെമിനാറുകളും നടക്കും.

മെയ് 10 മുതല്‍ 12 വരെ വെര്‍ച്വല്‍ ബിസിനസ് മീറ്റുകള്‍ നടക്കും. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബിസിനറ്റ് മീറ്റുകള്‍. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3 മുതല്‍ 4 വരെ സെമിനാര്‍ സെഷനുകളും നടക്കും.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കെ ടി എമ്മിന്റെ കഴിഞ്ഞ പതിപ്പ് കൊച്ചിയിലാണ് നടന്നത്. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും പങ്കാളികളുടെയും വന്‍ പങ്കാളിത്തമുണ്ടായിരുന്ന ഈ പതിപ്പ് കോവിഡിനു ശേഷം കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയെ കാണിക്കുന്നതായിരുന്നു. 2021 മാര്‍ച്ചില്‍ നടന്ന കെ.ടി.എമ്മിന്റെ ആദ്യ വെര്‍ച്വല്‍ പതിപ്പില്‍ 44,500 ബിസിനസ് മീറ്റിംഗുകളും ഓണ്‍ലൈന്‍ ചര്‍ച്ചകളും നടന്നു. കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കാന്‍ യാത്രാ വ്യവസായത്തെ പ്രാപ്തമാക്കുന്നതായിരുന്നു ഈ മീറ്റ്.

കേരള ടൂറിസത്തിന്റെ വിപണന തന്ത്രങ്ങളില്‍ മികച്ച സംഭാവന നല്‍കിയ കെ.ടി.എമ്മിന്റെ ആദ്യ പതിപ്പില്‍ പുതിയ ടൂറിസം ഉല്‍പ്പന്നങ്ങളും അനുഭവങ്ങളും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും കേരളത്തിന്റെ ടൂറിസം മേഖലയുടെ പുനര്‍നിര്‍മ്മാണത്തെ സഹായിക്കാനും കഴിഞ്ഞുവെന്ന് ബേബി മാത്യു അഭിപ്രായപ്പെട്ടു. അംഗങ്ങള്‍ക്ക് വെര്‍ച്വല്‍ സ്റ്റാളുകള്‍ സൗജന്യമായി ലഭിക്കാനുള്ള മികച്ച അവസരമാണ് കെടിഎം 2023. കോവിഡിന് ശേഷം നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേളകളില്‍ ഒന്നായ കെ.ടി.എം 2022 ല്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ബിസിനസ് പങ്കാളികളുമായുള്ള ബന്ധം നിലനിര്‍ത്താനും പുതിയ പങ്കാളിത്തം സൃഷ്ടിക്കാനും പുതിയ വെര്‍ച്വല്‍ പതിപ്പ് വഴിയൊരുക്കുമെന്നും ബേബി മാത്യു പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ കെ.ടി.എമ്മിന്റെ മുന്‍ പ്രസിഡന്റുമാരായ ജോസ് ഡൊമിനിക്ക്, ഇ എം നജീബ്, റിയാസ് അഹമ്മദ്, എബ്രഹാം ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. സ്റ്റാളുകളുടെ ബുക്കിംഗ്, സ്റ്റാള്‍ ഡിസൈനിംഗ്, പരസ്യ സ്ലോട്ടുകളുടെ ബുക്കിംഗ്, ബയേഴ്‌സുമായുള്ള കൂടിക്കാഴ്ചകള്‍ ഷെഡ്യൂള്‍ ചെയ്യല്‍ എന്നിവയില്‍ പ്രതിനിധികള്‍ക്ക് സഹായത്തിനായി കെ.ടി.എം. ഓണ്‍ലൈന്‍ സെല്ലര്‍മാരുടെ അവതരണം നടത്തും. 2000 ല്‍ രൂപീകരിച്ച കെ.ടി.എം. സൊസൈറ്റി ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ്.