മന്ത്രി ഒ.ആർ. കേളുവിൻ്റെ പ്രസ്താവന ആദിവാസികളോട് ചെയ്യുന്ന കൊടിയ വഞ്ചനയുടെ തുടർക്കഥ മാത്രമാണെന്ന് ആദിവാസി ഭാരത് മഹാസഭയുടെയും ഭൂസമര സമിതിയുടെയും സംയുക്ത പ്രസ്താവനയിലറിയിച്ചു. ആദിവാസിഭൂസംരക്ഷണ നിയമം മാറ്റി 1999 ലെ നിയമം മുന്നോട്ട് വെച്ചപ്പോൾ ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഒരു ഏക്കർ ഭൂമിവിതം കൊടുക്കുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ നൽകിയ ഉറപ്പിൻ്റെ നഗ്നമായ ലംഘനം കൂടിയാണ് മന്ത്രി കേളുവിൻ്റെ പ്രസ്താവന. സംസ്ഥാനത്ത് ഉയർന്നുവന്ന ആദിവാസി ഭൂസമര പ്രക്ഷോഭ സംഘടനകളുമായി ഉണ്ടാക്കിയ തീരുമാനവും കുറഞ്ഞത് ഒരു ഏക്കർ ഭൂമി പതിച്ചു നൽകുമെന്നായിരുന്നു. ഈ ഒത്തുതീർപ്പു വ്യവസ്ഥയെയും അട്ടിമറിച്ചു കൊണ്ടാണ് സർക്കാർ, മരിയനാട് ഭൂമി 3000 കുടുംബങ്ങൾക്ക് പതിച്ചു കൊടുക്കുമെന്ന് പറയുന്നത്.
മരിയനാട് ഭൂമി അവിടെ സമരം ചെയ്ത ആദിവാസികൾക്ക് പതിച്ചു കൊടുക്കണം. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ആദിവാസികൾക്ക് പതിച്ചു കൊടുക്കുന്നതിന് ആയിരക്കണക്കിന് ഏക്കർ ഭൂമി മാറ്റിവെച്ചിട്ടും ഇതുവരെയും സർക്കാർ ഇത് പതിച്ചു കൊടുക്കാൻ തായാറായിട്ടില്ല. നാളിതുവരെ അക്കാര്യത്തിൽ യാതൊരു നടപടിയുമെടുക്കാതെ 3000 കുടുംബങ്ങൾക്ക് പതിച്ചു നൽകുമെന്ന് പറയുന്നത് ഭരിക്കുന്നവർ വളരെ താൽപര്യത്തോടെ ചെയ്യുന്ന കോളനികളുടെ നിർമ്മാണമാണ്. ഇത്തരം ജാതിക്കോളനികളെ കേവലം ‘ഉന്നതി’ എന്ന് പേരിട്ടു കൊണ്ടല്ല ഇല്ലാതാക്കേണ്ടത്, മറിച്ച് ആദിവാസികൾക്ക് അർഹതപ്പെട്ട ജീവിക്കാനാവശ്യമായ കൃഷിഭൂമിയും വാസയോഗ്യമായ വീടും നൽകിക്കൊണ്ടാണ്.
ഭൂസമരസമിതി കൺവീനർ എം.കെ. ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. ആദിവാസി ഭാരത് മഹാസഭ രക്ഷാധികാരി ഒണ്ടൻ പണിയൻ, പി.ടി. പ്രേമാനന്ദ്, സി.ജെ. ജോൺസൺ, കെ.വി. പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.