കോഴിക്കോട്: ഹയര്‍സെക്കഡറി വിദ്യാഭ്യാസത്തിന് ശേഷം സുലൈമാന്‍ സേട്ട് സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് ആന്റ് സോഷ്യല്‍ സര്‍വീസിന്റെയും കോയമ്പത്തൂര്‍ സുലുറിലെ ആര്‍.വി.എസ് ഗ്രുപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 11 വ്യാഴാഴ്ച രാവിലെ 11ന് കോഴിക്കോട് ചെറൂട്ടി റോഡിലെ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളിലാണ് ക്‌ളാസുകള്‍ സംഘടിപ്പിക്കുന്നത്. ക്‌ളാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അന്ന് രാവിലെ 10.30ന് മുമ്പായി എത്തി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. സയന്‍സ്, ആര്‍ട്‌സ്, മെഡിസിന്‍, മീഡിയ തുടങ്ങി വിവിധ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന കോഴ്‌സുകളെ കുറിച്ചും അവയുടെ അനന്തസാധ്യതകളെ കുറിച്ചും വിദഗ്ധര്‍ മാര്‍ഗനിര്‍ദേശം നല്‍കും.
രാഷ്ട്രീയത്തിനുപരിയായി വിദ്യാഭ്യാസ, തൊഴില്‍, ജീവകാരുണ്യ, ധൈഷണിക മേഖലകളില്‍ സക്രിയമായി ഇടപെടുകയും സാധാരണക്കാര്‍ക്ക് പരമാവധി സഹായമത്തെിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞവര്‍ഷം സ്ഥാപിതമായ സുലൈമാന്‍ സേട്ട് സെന്ററിന്റെ അഭിമുഖ്യത്തിലുള്ള ആദ്യകര്‍മപരിപാടിയാണ് വിദ്യാഭ്യാസ രംഗത്തെ ഈ കാല്‍വെപ്പ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ മക്കള്‍ വിദ്യാഭ്യാസ മല്‍സരത്തില്‍ പിന്തള്ളപ്പെടുന്ന അവസ്ഥക്ക് പ്രതിവിധി കാണുകയാണ് ലക്ഷ്യം. ദക്ഷിണേന്ത്യയിലെ വിദ്യാഭ്യാസ ഹബ്ബായി മാറിയ കോയമ്പത്തൂരിലെ പ്രശസ്തമായ ആര്‍.വി.എസ് എജുക്കേഷണല്‍ ട്രസ്റ്റുമായി കൈകോര്‍ത്തുകൊണ്ടുള്ള കരിയര്‍ ഗൈഡന്‍സിന്റെ ഉദ്ഘാടനം എസ്.എസ് ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ആശംസ നേരും. ഡോ. സാറാമ്മ സാമുവല്‍, ഡോ. ദേവി നായര്‍, ഡോ. ബാരിഷ്, ഡോ. അയ്യപ്പ ദാസ് തുടങ്ങിയവര്‍ ക്‌ളാസ് നയിക്കും. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംശയദൂരീകരണത്തിന് അവസരമുണ്ടായിരിക്കും. സംഗീത പ്രതിഭകളായ അഞ്ച് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കോയമ്പത്തുരിലെ ആര്‍.വി.എസ് കോളജില്‍ സൗജന്യമായി ബിരുദപഠനം പൂര്‍ത്തിയാക്കാനുള്ള അവസരമുണ്ടായിരിക്കും. ആയുര്‍വേദ, ഫാര്‍മസി കോഴ്‌സുകളില്‍ പരമാവധി ഫിസിളവ് നല്‍കുന്നതാണ്. ബന്ധപ്പെടാവുന്ന നമ്പര്‍: + 91 9655 955 551, +91 9715 374 000, +91 8848 284 250.
വാര്‍ത്താസമ്മേളനത്തില്‍ എസ്.എസ്. ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കാസിം ഇരിക്കൂര്‍, ഡോ. രവീന്ദ്രനാഥ് പി.വി, ഡോ. കിരണ്‍ നാഥ്, എസ്.എസ് ട്രസ്റ്റ് കോഴിക്കോട ജില്ലാ ചാപ്റ്റര്‍ ഭാരവാഹികളായ റംസി ഇസ്മാഈല്‍, എഞ്ചിനീയര്‍ കെ.വി നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.