കല്പറ്റ: പാരമ്പര്യ നെല്‍വിത്തുകള്‍ സംരക്ഷിക്കുന്നതിലൂടെ ശ്രദ്ധേയനായ ചെറുവയല്‍ രാമന്റെ ആത്മകഥ പുറത്തിറങ്ങി. ‘ചെറുവയല്‍ രാമന്‍’ എന്ന പേരില്‍ മനോരമ ബുക്‌സ് പുറത്തിറക്കിയ പുസ്തകം ലൈബ്രറി കൗണ്‍സില്‍ പുസ്തകമേളയിലാണ് പ്രകാശനം നടന്നത്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മേളയിലെ പ്രഥമ പ്രകാശന ചടങ്ങിലാണ് തനത് നെല്‍വിത്തുകളുടെ കാവലാള്‍ എന്നറിയപ്പെടുന്ന രാമന്റെ ജീവിത കഥ ഗ്രന്ഥരൂപത്തില്‍ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
പത്മശ്രീ ബഹുമതി നല്‍കി രാജ്യം ആദരിച്ച രാമന്‍ പങ്കെടുത്ത ചടങ്ങില്‍ കൃഷിമന്ത്രി പി പ്രസാദ് പുസ്തകം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം കെ രാമദാസിന് നല്‍കി. സി പി ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, വിജയന്‍ ചെറുകര, മനോരമ ബ്യൂറോ ചീഫ് ഷിന്റോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ശരത് കുമാര്‍ ജി എല്‍ ആണ് പുസ്തകം എഴുതി തയ്യാറാക്കിയത്.