അഷറഫ് ചേരാപുരം
ദുബൈ: അമ്പതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ സ്വദേശി ജീവനക്കാരെ നിയമിക്കണമെന്ന നിബന്ധന ചെറുകിട സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കില്ലെന്ന് യു എ ഇ അധികൃതര്‍. സ്വദേശി വത്ക്കരണവുമായി ബന്ധപ്പെട്ട് ചെറുകിട സ്ഥാപനങ്ങളുടെ ആശങ്കയകറ്റിയാണ് പ്രഖ്യാപനം. അമ്പതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമാണ് സ്വദേശിവത്ക്കരണ നിബന്ധന നടപ്പാക്കുകയെന്നും യു എ ഇ മാനവ വിഭവ, സ്വദേശിവല്‍ക്കരണ മന്ത്രി അബ്ദുറഹ്മാന്‍ അല്‍ അവാര്‍ പറഞ്ഞു.
അമ്പതില്‍ കൂടുതല്‍ വിദഗ്ധ ജീവനക്കാരുള്ള സ്ഥാപനമാണ് രണ്ട് ശതമാനം സ്വദേശികളെ നിയമിക്കേണ്ടത്. ഇതിനോടകം പതിനായിരക്കണക്കിന് ഇമാറാത്തികള്‍ ജോലിയില്‍ പ്രവേശിച്ചത് പദ്ധതിയുടെ വിജയമാണെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഇമാറാത്തി വല്‍ക്കരണ നയത്തില്‍ മാറ്റമുണ്ടാകില്ല.1000 ജീവനക്കാരുള്ള സ്ഥാപനത്തില്‍ 100 വിദഗ്ധ ജോലിക്കാര്‍ മാത്രമാണുള്ളതെങ്കില്‍ രണ്ട് സ്വദേശികളെ നിയമിച്ചാല്‍ മതി. 100 ജീവനക്കാരുള്ള സ്ഥാപനത്തില്‍ 100 പേരും വിദഗ്ധ ജോലിക്കാരാണെങ്കില്‍ ഇവിടെയും രണ്ട് പേരെ നിയമിക്കണം. ഈ വര്‍ഷം അവസാനത്തോടെ ഇത് നാല് ശതമാനമാക്കി മാറ്റണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഫ്രീ സോണില്‍ സ്വദേശിവത്ക്കരണം നടപ്പാക്കിയിട്ടില്ല.