വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി ഡോക്ടറടക്കം അഞ്ചു പേരെ കുത്തി പരുക്കേല്‍പ്പിച്ചു

Crime

കൊല്ലം: വൈദ്യപരിശോധനക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറടക്കം അഞ്ചുപേരെ കുത്തി പരുക്കേല്‍പ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഹൗസ് സര്‍ജന്‍ വന്ദനയെ, സന്ദീപ് എന്ന പ്രതി കത്രിക ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതര പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍ക്ക് പുറമെ പൊലീസുകാര്‍ ഉള്‍പ്പെടെ മറ്റ് നാല് പേരെയും പ്രതി ആക്രമിക്കുകയായിരുന്നു.

പിന്നീട് കൂടുതല്‍ പൊലീസുകാരെത്തിയാണ് അക്രമിയെ സാഹസികമായി കീഴ്‌പ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത കുടവട്ടൂര്‍ സ്വദേശി സന്ദീപ് എന്ന യുവാവാണ് അക്രമം നടത്തിയത്. ഡോക്ടറെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കവെയാണ് പൊലീസുകാരടക്കം മറ്റുള്ളവര്‍ക്കും പരുക്കേറ്റത്.

പൂയപ്പള്ളി സ്‌റ്റേഷന്‍ പൊലീസുകാരായ ഹോംഗാര്‍ഡ് അലക്‌സ്, നൈറ്റ് ഓഫീസര്‍ ബേബി മോഹന്‍, എയ്ഡ്‌പോസ്റ്റ് ഡ്യൂട്ടിയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.