കൊളവയല്‍ അറവുമാലിന്യ പ്ലാന്‍റ്: സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എം എല്‍ എ

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കൊളവയല്‍: അറവുമാലിന്യ പ്ലാന്റ് കാരണം ജീവിതം ദുസ്സഹമായ കൊളവയല്‍ നിവാസികളുടെ ജീവിതം കേട്ടറിഞ്ഞ് സ്ഥലം എം എല്‍ എ ടി സിദ്ധീഖും ഐ എന്‍ ടി യു സി നേതാവ് പി പി ആലിയും, മോഹന്‍ദാസ് കോട്ടക്കൊല്ലിയും സമരപ്പന്തലിലെത്തി. രണ്ട് മണിക്കൂറോളം സമരപ്പന്തലില്‍ ചെലവഴിച്ച എം എല്‍ എ മാലിന്യ പ്ലാന്റ് കാരണം പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളും നേരിട്ട് മനസ്സിലാക്കി. പ്രശ്‌ന പരിഹാരത്തിന് അടിയന്തിര ഇടപെടല്‍ നടത്താമെന്ന ഉറപ്പ് നല്‍കിയാണ് എം എല്‍ എ ഇവിടെ നിന്നും മടങ്ങിയത്.

അതേസമയം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടക്കുമെന്ന് പറഞ്ഞ ചര്‍ച്ച നടന്നില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കിട്ടാത്തതിനാലാണ് ചര്‍ച്ച നടക്കാതെ പോയത്. കഴിഞ്ഞ ദിവസം മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും പഞ്ചായത്ത് അംഗങ്ങളുടേയും സമരസമിതി പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കല്പറ്റയിലെ ഓഫിസ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലായിരുന്നു വിഷയത്തില്‍ കലക്ടറേറ്റില്‍ ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കിയത്. എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കാതെ അറവുമാലിന്യ പ്ലാന്റ് മുതലാളിക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നെന്നും ഇതാണ് റിപ്പോര്‍ട്ട് നല്‍കാതിരിക്കുന്നതിന് കാരണമെന്നും സമരസമിതി ആരോപിക്കുന്നു. വെള്ളിയാഴ്ച റിപ്പോര്‍ട്ട് എത്തിക്കാമെന്നാണ് നിലവില്‍ അറിയിച്ചിട്ടുള്ളത്. ഈ ഉറപ്പിലാണ് സമരസമിതി പ്രവര്‍ത്തകര്‍ ഇന്നലെ പിരിഞ്ഞത്. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുന്നത് വരെ സമരത്തില്‍ തുടരാന്‍ തന്നെയാണ് സമരസമിതിയുടെയും നാട്ടുകാരുടേയും തീരുമാനം.