വൈദ്യര്‍ മഹോത്സവം തുടങ്ങി

Malappuram

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവം ഡോ. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ആയിഷ മുഖ്യപ്രഭാഷണം നടത്തി. മാപ്പിളകലാ രംഗത്തെ മണ്‍മറഞ്ഞ പ്രതിഭകളായ വി.എം. കുട്ടി, പീര്‍ മുഹമ്മദ്, എരഞ്ഞോളി മൂസ, പൂവച്ചല്‍ ഖാദര്‍, പി.ടി. അബ്ദുറഹിമാന്‍ അരീക്കോട്, റഹീം കുറ്റിയാടി, ചെലവൂര്‍ കെ.സി. മുഹമ്മദ് എന്നിവരുടെ ഫോട്ടോകള്‍ ടി.കെ. ഹംസ അനാഛാദനം ചെയ്തു. അക്കാദമി പ്രസിദ്ധീകരിച്ച ഹുസ്‌നുല്‍ജമാല്‍ ബദറുല്‍ മുനീര്‍ എന്ന ബാലസാഹിത്യ കൃതി നിലമ്പൂര്‍ ആയിഷ കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്‌റാബിക്ക് നല്‍കി പ്രകാശനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, വൈസ്‌ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, ജോ. സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, അക്കാദമി അംഗങ്ങളായ എന്‍. പ്രമോദ് ദാസ്, ഫിറോസ് ബാബു, പി.കെ. ഖലീമുദ്ദീന്‍, പി. അബ്ദുറഹിമാന്‍, രാഘവന്‍ മാടമ്പത്ത്, ഒ.പി. മുസ്തഫ, ജല്ലാപഞ്ചായത്ത് മെമ്പര്‍ പി.കെ.സി. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കേരള സര്‍ക്കാര്‍ സമം പദ്ധതിയുടെ ഭാഗമായി സ്ത്രീ മുന്നേറ്റം കലയിലും സംസ്‌കാരത്തിലും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഡോ. ഖദീജാ മുംതാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ലോക പരിചയം നേടാനും സാംസ്‌കാരിക മൂലധനം ആര്‍ജ്ജിക്കാനും കലാസാഹിത്യ രംഗങ്ങളില്‍ സ്ത്രീകള്‍ ഇടപെടേണ്ടത് അത്യാവശ്യമാണെന്ന് സെമാറില്‍ അവര്‍ അഭിപ്രായപ്പെട്ടു. അക്കാദമി അംഗം ഡോ. ഷംഷാദ് ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ. ലിസി മാത്യു, ഡോ. കെ. ദിവ്യ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നസീറ ബക്കര്‍, റഹീന കൊളത്തറ എന്നിവര്‍ പ്രസംഗിച്ചു.

വൈദ്യര്‍ അക്കാദമിയിലെ പൂര്‍വവിദ്യാര്‍ഥികളും കേരളത്തിനകത്തും പുറത്തും മാപ്പിളകലകള്‍ അവതരിപ്പിക്കുന്നവരുമായ ഫോക്ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരെ അക്കാദമി അനുമോദിച്ചു. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ ഉപഹാരം നല്‍കി. ഫോക്ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം കലാകാരികള്‍ ഒപ്പന, ദഫ്മുട്ട് എന്നിവ അവതരിപ്പിച്ചു. കവയിത്രി സംഗമം എഴുത്തുകാരി സി.എച്ച്. മാരിയത്ത് ഉദ്ഘാടം ചെയ്തു. ജില്ലാപഞ്ചായത്ത് വികസനസമിതി അധ്യക്ഷ സെറീന ഹസീബ് അധ്യക്ഷത വഹിച്ചു. അക്കാദമി വൈസ്‌ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദഹാലി, അക്കാദമി അംഗം ബാപ്പു വാവാട് എന്നിവര്‍ പ്രസംഗിച്ചു.