കോട്ടയം: രാജ്യാന്തര നാനോ സയന്‍സ് സമ്മേളനത്തിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ തുടക്കമായി. സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ പോളിഷ് അക്കാദമി ഓഫ് സയന്‍സസിലെ പ്രഫ. ആന്ദ്രെ ഗാലെസ്‌കി ആദ്യ പ്രഭാഷണം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ്, ജൊഹാനസ് ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. സാമുവല്‍ ഓലുവാതോബി, ഡോ. അഭിലാഷ് ബാബു, ഡോ. എം.എസ്. ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം 13ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും. ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വൈസ് ചാന്‍സലറെ ആദരിക്കും.
ആദ്യ ദിവസം ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രഫ. ദേബബ്രത ദാസ്, പ്രഫ. ഹരിലാല്‍ പ്രമാണിക്, ഗുവഹാത്തി ഐ.ഐ.ടിയിലെ പ്രഫ. എസ്. രവി, കാനഡയിലെ മക്ഗില്‍ സര്‍വകലാശയിലെ ഡോ. സജി ജോര്‍ജ്, ഡോ. ഹരിസിംഗ് ഗൗര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫ. രത്‌നേഷ് ദാസ്, കൊല്‍ക്കത്ത സര്‍സുന കോളജിലെ ഡോ. സഞ്ജയ്ത ലാല, കോയമ്പത്തൂര്‍ നെഹ്‌റു കോളജിലെ ഡോ. ദിപ മുണ്ടെക്കാട്, ഹൈദരാബാദ് ഐ.ഐ.സി.ടിയിലെ ഡോ. വസുന്ധര മുത്ത, അണ്ണാമല സര്‍വകലാശാലയിലെ ഡോ. എം. ശ്രീനിവാസന്‍, അരിഗര്‍ അണ്ണ കോളജിലെ ഡോ. ആര്‍ രമേഷ്, അരിയാലൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജിലെ ഡോ. എം. കണ്ണന്‍ എന്നിവരും പ്രഭാഷണം നടത്തി.
എം.ജി. സര്‍വകലാശാലയിലെ ഇന്റര്‍ നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജിയും സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നാനോടെക്‌നോളജി, പോളിമെര്‍ സയന്‍സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയ മേഖലകളിലെ ഏറ്റവും പുതിയ പ്രവണതകള്‍, കണ്ടെത്തലുകള്‍, വ്യാവസായിക സാധ്യതകള്‍, വെല്ലുവിളികള്‍ എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും. ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള 350 വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.