നൂറ് പിന്നിട്ട സ്വാതന്ത്ര്യസമര സേനാനി കല്ലൂക്കുന്നേല്‍ ജോസഫ് ജോസഫിന് പാലായുടെ സ്‌നേഹാദരവ്

Kottayam

പാലാ: നൂറ്റിമൂന്നാം ജന്മദിനം 20ന് ആഘോഷിക്കുന്ന സ്വാതന്ത്ര്യസമരസേനാനി വെള്ളിയേപ്പള്ളി കല്ലൂക്കുന്നേല്‍ ജോസഫ് ജോസഫ് എന്ന കുഞ്ഞൂട്ടി പാപ്പന് പാലായുടെ സ്‌നേഹാദരവ്. സ്വാതന്ത്ര്യ സമര നേതാവായിരുന്ന ചെറിയാന്‍ ജെ കാപ്പന്റെ പുത്രന്‍ കൂടിയായ മാണി സി കാപ്പന്‍ എം എല്‍ എ പാലായുടെ സ്‌നേഹാദരവ് വീട്ടിലെത്തി നല്‍കിയപ്പോള്‍ ചടങ്ങിന് ഇരട്ടിമധുരം. പൊന്നാട അണിയിച്ചാണ് പാലായുടെ ആദരവ് നല്‍കിയത്. തുടര്‍ന്നു വേളാങ്കണ്ണിയില്‍ നിന്നും കൊണ്ടുവന്ന ജപമാലയും സമ്മാനിച്ചു.

പാലാ സെന്റ് തോമസ് സ്‌കൂളില്‍ പഠിച്ചിരുന്ന കാലഘട്ടത്തിലാണ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള സമരങ്ങളില്‍ പങ്കെടുത്തത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ തുടര്‍പഠനം നിലച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹത്തെ അടുപ്പമുള്ള കൂട്ടുകാര്‍ സ്‌നേഹത്തോടെ പനമ്പളളി എന്നായിരുന്നു അക്കാലത്ത് വിളിച്ചിരുന്നത്. നാട്ടിലെ പൊതുകാര്യ പ്രസക്തനായിരുന്ന ജോസഫിനെ കെ എം ചാണ്ടിയുള്‍പ്പടെയുള്ള സമുന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചുവെങ്കിലും അതെല്ലാം നിരസിച്ച് സാധാരണ പ്രവര്‍ത്തകനായി തുടരാനായിരുന്നു ജോസഫിന്റെ തീരുമാനം. എങ്കിലും നാട്ടിലെ വികസന കാര്യങ്ങളില്‍ എന്നും മുന്‍പന്തിയിലായിരുന്നു ഇദ്ദേഹം. പൂവരണി ക്ഷേത്രത്തിലെ ആറാട്ടുവഴിയായിരുന്ന ഇടവഴി 1937 കാലഘട്ടത്തില്‍ റോഡാക്കി മാറ്റിയത് ജോസഫിന്റെ നേതൃത്വത്തില്‍ മേനാംപറമ്പില്‍ പാപ്പച്ചന്റെയും പതയില്‍ കുഞ്ഞേപ്പിന്റെയും കൂട്ടായ്മയില്‍ രൂപീകരിച്ചസമിതിയാണ്. കരിങ്കല്ല് കീറി 5 ഓളം കലുങ്കുണ്ടാക്കിയുള്ള ഈ റോഡിന്റെ നിര്‍മ്മാണം ഏറെ ശ്രമകരമായിരുന്നു. നാട്ടിലെ മറ്റൊരു പാലമായ പുളിക്കല്‍ പാലം നിര്‍മ്മിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കുന്നതുള്‍പ്പടെയുള്ള മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിച്ചു. രണ്ടു വര്‍ഷം മുമ്പ് നൂറു വയസു പിന്നിട്ട ഇദ്ദേഹത്തെ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യിക്കാന്‍ കൊണ്ടുപോകാന്‍ വാഹനവുമായി ആളുകള്‍ എത്തിയപ്പോള്‍ അത് നിരസിച്ച് നടന്നു പോയി വോട്ടു രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയോടു ഇദ്ദേഹം ആദരവ് പ്രകടിപ്പിച്ചിരുന്നു.

നാട്ടിലെങ്ങും വൈദ്യുതി എത്തിക്കുന്നതിനുള്ള മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച ജോസഫ് പുരാതന ആയൂര്‍വ്വേദ വൈദ്യകുടുംബമായ കല്ലൂക്കുന്നേല്‍ കുടുംബാംഗമാണ്. ഭാര്യ പരേതയായ മറിയക്കുട്ടി ഇലവുങ്കല്‍ കൊട്ടുകാപ്പള്ളി കുടുംബാഗമാണ്. മൂന്ന് ആണും രണ്ട് പെണ്ണുമുള്‍പ്പടെ അഞ്ചുമക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *