കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവത്തിന്റെ മൂന്നാം ദിവസം വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. അക്കാദമി അംഗം പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ടോണി ഏനുക്കാടന്‍ മുഖ്യാതിഥിയായി. ഒ.പി. മുസ്തഫ സ്വാഗതം ആശംസിച്ചു. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, മുനിസിപ്പല്‍ കൗണ്‍സിലര്‍ സല്‍മാനുല്‍ ഫാരിസ,് ലയണ്‍സ് ക്ലബ് ജില്ലാ സെക്രട്ടറി ബാബു ദിവാകരന്‍, ഡോ. സുബൈര്‍ ഹുസൈന്‍, അന്‍സാര്‍, നാരായണ്‍ ഉണ്ണി എന്നിവര്‍ സംസാരിച്ചു. പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ വിദ്യാര്‍ത്ഥികളുടെ ആകര്‍ഷകമായ വീല്‍ചെയര്‍ ഒപ്പനയും കോല്‍ക്കളിയും ഉള്‍പ്പടെ വിവിധ സമിതികളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ പരിപാടികളാല്‍ ഭിന്നശേഷി കലോല്‍സവം ശ്രദ്ധേയമായി.
മഹോത്സവത്തില്‍ ഞായറാഴ്ച രാവിലെ തനത് മാപ്പിളപ്പാട്ട് ഗായക സംഗമം നടക്കും. ഉച്ചക്കുശേഷം നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ കോല്‍ക്കളി എന്ന ഡോക്യുമെന്ററി പ്രദര്‍ശനം, അക്കാദമി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം, ഒരു ആത്മാവിന്റെ കഥ എന്ന കഥാസമാഹാരം പ്രകാശനം എന്നിവ നടക്കും.