രാഷ്ട്രീയ യുവജനതാ ദളിന് പുതിയ സംസ്ഥാന നേതൃത്വം

Thrissur

തൃശൂര്‍: യുവ രാഷ്ട്രീയ ജനതാദളിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. 12 അംഗ ഭാരവാഹികളും 18 അംഗ പ്രവര്‍ത്തക സമിതിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രമുഖ RJD നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

യുവജനങ്ങളുടെ ഇടപെടലുകള്‍ ഏറ്റവും കൂടുതല്‍ പ്രസക്തമായിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യത്തും കേരളത്തിലും സമകാലിക രാഷ്ട്രീയം കടന്നു പോകുന്നതെന്നും അതിനാല്‍ യുവജന പ്രവര്‍ത്തകര്‍ക്ക് വലിയ രാഷ്ട്രീയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനുണ്ടെന്നും യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രിയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണ്‍ ജോണ്‍ അഭിപ്രായപ്പെട്ടു.

കേരളത്തെ കീഴ്‌പ്പെടുത്തി കൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ അപകടകരമാംവിധം പടര്‍ന്ന് പന്തലിച്ചു കൊണ്ടിരിക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും കണ്ടില്ലെന്ന മട്ടില്‍ വലിയ നിസ്സംഗതയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ജോണ്‍ കുറ്റപ്പെടുത്തി. ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയുടെ മാരകമായ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇതു മുഴുവന്‍ അധോലോകം ഈ നാട്ടില്‍ വിതരണം ചെയ്യുന്നുമുണ്ട്. പക്ഷേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും കണ്ടില്ലന്നു നടിക്കുന്നു.

മയക്കുമരുന്നു വ്യാപനം തടയാതിരിക്കുന്നതു മൂലം സമൂഹത്തില്‍ ഉണ്ടാകുന്ന വിപത്തിനെക്കുറിച്ച് ഈ സര്‍ക്കാരിന് ഉത്കണ്ഠയില്ല എന്നത് ആരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. തങ്ങളുടെ സാമൂഹ്യ ബാദ്ധ്യത തിരിച്ചറിയാനോ ഈ ദുരന്തം തടയാനോ സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യാത്തതിനു പിന്നില്‍ വലിയ കച്ചവട താല്‍പ്പര്യങ്ങളുണ്ടെന്ന് ജോണ്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ യുവരാഷ്ട്രീയ ജനതാദളിന് വലിയ സാമൂഹ്യസമര ദൗത്യങ്ങള്‍ ഏറ്റെടുക്കാനുണ്ട്. കേരള സര്‍ക്കാറിന്റെയും എക്‌സൈസ് വകുപ്പിന്റെയും അനാസ്ഥ തുറന്നു കാട്ടാന്‍ യുവാക്കള്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ നടത്തേണ്ടതുണ്ട്. ആ മുന്നേറ്റത്തിനു നേതൃത്വം കൊടുക്കാന്‍ ജനതാദളിന് കഴിയണം.

സര്‍ക്കാറിന്റെ അപകടകരമായ മൗനത്തിനു പിന്നിലെ സംശയകരമായ ദുരൂഹത വെളിച്ചത്തു കൊണ്ടുവരുവാനും സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ജോണ്‍ ജോണ്‍ ആഹ്വാനം ചെയ്തു. യുവരാഷ്ട്രീയ ജനതാ ദള്‍ സംസ്ഥാന പ്രസിഡന്റ് എ പി യൂസഫലി മടവൂര്‍ അധ്യക്ഷ്യത വഹിച്ചു.

പുതിയ കമ്മറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് RJD സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീര്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്, മനോജ് ചിറ്റിലിപള്ളി, അഖില്‍ കണ്ണൂര്‍, പ്രിയന്‍ ആന്റണി പാല, ബിജോയ് പത്തനംതിട്ട, അനു സോജി, ജയ്‌സണ്‍ പത്തനംതിട്ട എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിശ്വാസ് എസ് നായര്‍ സ്വാഗതവും ട്രഷറര്‍ അരുണ്‍ പ്രയാര്‍ ആലപ്പുഴ നന്ദിയും പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികളുടെ പ്രഖ്യാപനം RJD സംസ്ഥാന സെക്രട്ടറി അഡ്വ. രാംദാസ് നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റായി എ പി യൂസഫ് അലി മടവൂര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍: പ്രിയന്‍ ആന്റണി കോട്ടയം, അഖില്‍ കണ്ണുര്‍, ബിജോയ് പത്തനംതിട്ട, അഡ്വ. അഫ്‌സല്‍ പാലക്കാട്. ജനറല്‍ സെക്രട്ടറി: ബിശ്വാസ് എസ് നായര്‍ കൊല്ലം. സെക്രട്ടറിമാര്‍: അനു സോജി കോട്ടയം, ജെയ്‌സണ്‍ പത്തനംതിട്ട, ആരോമല്‍ കൊല്ലം, സുരേഷ് കുമാര്‍ ആലപ്പുഴ, സനീഷ് തൃശൂര്‍. ട്രഷറര്‍: അരുണ്‍ പ്രയാര്‍ ആലപ്പുഴ.