വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 വാട്സാപ്പ് നമ്പറില്‍ അംഗമാവുന്നതിന് ഈ നമ്പറില്‍ ക്ലിക്ക് ചെയ്യുക.
കല്പറ്റ: പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അറവ് മാലിന്യ പ്ലാന്റ് ഉടമയ്ക്ക് അനുകൂലമായ നിലപാടില്‍ തന്നെ നിലയുറപ്പിച്ചതോടെ ദുരിതക്കയത്തില്‍ നിന്നും കരകയറാനാകാതെ ഒരു ഗ്രാമവും അവിടെയുള്ള ജനങ്ങളും. മുട്ടില്‍ പഞ്ചായത്തിലെ കൊളവയല്‍ നിവാസികളാണ് തങ്ങളുടെ വീടുകളില്‍ സൈ്വര്യമായി കഴിയാനുള്ള അവകാശത്തിനായി സമര രംഗത്തുള്ളത്.
മാലിന്യ പ്ലാന്റുകളില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം ജീവിതം വഴിമുട്ടിയ പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ സമരപ്പന്തല്‍ കെട്ടി ഒരുമാസത്തോളമായ പ്രതിഷേധത്തിലാണ്. ഇതിനിടയില്‍ പ്രശ്‌ന പരിഹാരത്തിനായി വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും എവിടെ നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
ജനവാസ മേഖലയാണെന്നും ഇവിടെ പ്ലാന്റ് വന്നാല്‍ ജനങ്ങളുടെ ജീവിതം ദുരിതത്തിലാകുമെന്നുമുള്ള മുന്നറിയിപ്പുകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് പ്ലാന്റിന് അനുമതി നല്‍കിയിരിക്കുന്നത്. നിയമം അനുവദിക്കുന്നതിനാലാണ് അനുമതി നല്‍കിയതെന്നും അതുകൊണ്ട് തന്നെ റദ്ദ് ചെയ്യില്ലെന്നുമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ എന്ത് നിയമത്തിന്റെ പേരിലായാലും വേണ്ടില്ല തങ്ങളുടെ വീടുകളില്‍ കഴിയുന്നതിനുള്ള സാഹചര്യം ഉണ്ടാക്കി നല്‍കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

മെയ് 16ന് ചൊവ്വാഴ്ച സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫിസിന് മുന്നില്‍ ഉപരോധം സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷവും നിലപാട് മാറ്റില്ലെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍.
അറവ് മാലിന്യ പ്ലാന്റില്‍ നിന്നുള്ള മാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുക്കി വിടുന്നതായി സമര സമിതി ആരോപിക്കുന്നു. അതുപോലെ തന്നെ മാലിന്യ പ്ലാന്റിനുള്ളില്‍ ആവശ്യമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ഇതൊന്നും പരിശോധിക്കുന്നതിനോ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനോ ഉദ്യോഗസ്ഥര്‍ക്ക് താത്പര്യവുമില്ല. ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നത് വരെ സമര രംഗത്ത് തുടരാന്‍ തന്നെയാണ് സമരസമിതിയുടെ തീരുമാനം.
ഉപരോധ സമരം വാര്‍ഡ് മെമ്പര്‍ അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഇന്ദിര ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ബാബു പിണ്ടിപ്പുഴ, മോഹന്‍ദാസ് കോട്ടക്കൊല്ലി, ജെയിംസ് കാര്യംപാടി, യതു കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷ ബി, ശൈലജ, മനോ മനോജ്, ഡയാന ജോര്‍ജ്, സതീഷ് മാനിക്കുനി, നിജീഷ് മാലാന, ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.