എല്‍ ജെ ഡി- ജെ ഡി (യു) കേന്ദ്ര നേതൃത്വവുമായി ലയന ചര്‍ച്ച നടത്തി

Analysis

ആര്‍ ജെ ഡിക്ക് പുറമെ ജെ ഡി യുമായും എല്‍ ജെ ഡി ലയന സാധ്യത പരിഗണിക്കുന്നു. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള എല്‍ ജെ ഡി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജെ ഡി യുവുമായി ലയിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ആരാഞ്ഞ് ഇതിനോടകം ചര്‍ച്ച നടത്തി. ആദ്യ ചര്‍ച്ചയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനവും രണ്ടു ദേശീയ ഭാരവാഹിത്വവുമാണ് ശ്രേയാംസ് കുമാര്‍ ലയന ചര്‍ച്ചയില്‍ ആവിശ്യപ്പെട്ടത്. ഇടതുമുന്നണിയുടെ ഭാഗമായി മാറാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിന് തയ്യാറാണെങ്കില്‍ ലയനത്തിനു വിരോധമില്ലെന്നുമായിരുന്നു J D U നേതൃത്വത്തിന്റെ മറുപടി.

ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക പരിതസ്ഥിതിയില്‍ ഇടതു കക്ഷികളുടെ പിന്തുണയില്ലാതെ കോണ്‍ഗ്രസ്സിന്റെ രാഹുല്‍ ഗാന്ധിയെ പിന്തള്ളാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്ന JDU വിനു ബോദ്ധ്യമുള്ളതുകൊണ്ടാണ് പാര്‍ട്ടി അങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. LJD – JDU ലയനത്തിനു പുറപ്പെടുന്നതിനു മുമ്പ് CPM ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിയുടെ സമ്മതം തേടണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത JDU ദേശിയ അദ്ധ്യക്ഷന്‍ ലാലന്‍ സിംഗ് ആവിശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സമ്മതമറിയിച്ചാണ് LJD നേതൃത്വം പിരിഞ്ഞത്.

എന്നാല്‍ LDF നേതൃത്വവുമായി ബന്ധപ്പെട്ടപ്പോള്‍ പുതിയൊരു കക്ഷിയെ LDF -ല്‍ ചേര്‍ക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലന്നും LDF -ല്‍ കയറണമെങ്കില്‍ JDS മായി ലയിച്ചു ഒന്നായാല്‍ മാത്രമേ സാധിക്കൂ എന്നായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണമെന്നറിയുന്നു. UDF വിട്ടുവന്ന LJD ക്ക് നിലവില്‍ LDF ല്‍ പ്രാതിനിധ്യമില്ലാത്തതാണ് വിനയായത്. ഇതേതുടര്‍ന്നാണ് ഗത്യന്തരമില്ലാതെ LJD മാത്യു ടി തോമസിന്റെ JDS മായി ചര്‍ച്ചകള്‍ പുന:രാരംഭിച്ചത്. JDS നേതൃത്വമാകട്ടെ കാലാവസ്ഥ മനസ്സിലാക്കി LJD ക്കു മുമ്പില്‍ എടുത്താല്‍ പൊങ്ങാത്ത വ്യവസ്ഥകളാണു വെച്ചത്.

ഗതിമുട്ടിയ LJD ജെഡിയു ദേശീയ നേതൃത്വവുമായി വീണ്ടും ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയത് ഈ സാഹചര്യത്തിലാണ്. CPM കേന്ദ്ര നേതൃത്വത്തെക്കണ്ട് JDU നേതാക്കള്‍ സംസാരിച്ച് അനുവാദം വാങ്ങണമെന്നും പത്രദൃശ്യ മാധ്യമങ്ങളുള്ള ശ്രേയാംസ് കുമാറിന്റെ സാന്നിദ്ധ്യം LDF ന് മുതല്‍ക്കൂട്ടായിരിക്കുമെന്ന് CPM നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തണമെന്നുമായിരുന്നു രണ്ടാം വട്ട ചര്‍ച്ചയില്‍ LJD ജെഡിയു നേതാക്കളോട് ആവിശ്യപ്പെട്ടത്.

ഇക്കാര്യത്തില്‍ തങ്ങള്‍ക്കു വൈമനസ്യമില്ലെന്നും എന്നാല്‍ കര്‍ണ്ണാടക ഇലക്ഷന്‍ കഴിയുന്നതു വരെ കാത്തിരിക്കണമെന്നുമായിരുന്നു JDU വിന്റെ മറുപടി. കര്‍ണ്ണാടകത്തില്‍ JDS നുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ദേവഗൗഡ നിതീഷ് കുമാറുമായി ബന്ധപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയൊരു ഏകീകരണം ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിയാനിടയുണ്ട്. അതു മുതലാക്കാനാണ് LJD ലക്ഷ്യമിടുന്നതെന്നു വ്യക്തം. അതിനിടെയാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ആര്‍ ജെ ഡിയില്‍ ലയിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. ജെ ഡി യുമായുള്ള ലയന ചര്‍ച്ചകള്‍ക്കൊപ്പം തന്നെ ആര്‍ ജെ ഡിയുമായും ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.