തിരൂരങ്ങാടി: മുസ്ലീം സ്ത്രീകളെ ഇരുളിന്റെ മറവില്‍ തളച്ചിടാന്‍ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പിന്‍ഗാമികള്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്നെ പരസ്യമായി രംഗത്ത് വരുന്നത് അംഗീകരിക്കാവതല്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന ലീഡേഴ്‌സ് മീറ്റ് വ്യക്തമാക്കി. മുസ്ലീം സ്ത്രീകള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് മുജാഹിദ് പ്രസ്ഥാനത്തില്‍ കീഴ്‌വഴക്കമല്ലെന്ന് പറയുന്നവര്‍ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ ചരിത്രവും പാരമ്പര്യവും അറിയാത്തവരാണ്. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെയാണ് ഇസ്ലാഹീ പ്രസ്ഥാനം കേരളത്തിലെ മുസ്ലീം സ്ത്രീകളെ കേരളീയ പൊതുധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയതെന്ന ചരിത്ര യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നവര്‍ ഇസ്ലാഹീ നവോത്ഥാന നായകരോട് ചെയ്യുന്ന കടുത്ത നന്ദികേടാണ്.
അഭൗതിക മാര്‍ഗ്ഗത്തില്‍ ഗുണവും ദോഷവും ചെയ്യാന്‍ സൃഷ്ടാവായ അല്ലാഹുവിന് മാത്രമേ കഴിയൂ എന്നതാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടെന്നിരിക്കെ അത് അംഗീകരിക്കാത്തവര്‍ക്ക് ഇസ്വലാഹീ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹതയില്ല. മാരണവും ജിന്ന് സേവയുമെല്ലാം അഭൗതിക മാര്‍ഗത്തില്‍ അല്ലാഹു അല്ലാത്തവരില്‍ നിന്നുള്ള സഹായം പ്രതീക്ഷിച്ചു കൊണ്ടാണെന്നരിക്കെ അത് തൗഹീദിന് വിരുദ്ധമാണ്. തൗഹീദ് അംഗീകരിക്കാത്തവര്‍ക്ക് ഇസ്വലാഹീ പ്രസ്ഥാനത്തിന്റെ ഭാഗമാവുക സാധ്യമല്ലതന്നെ.
മാരണം, ജിന്ന്‌സേവ, കണ്ണേറ്, സ്ത്രീകളെ യാഥാസ്ഥിതികതയില്‍ തളച്ചിടുക തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്‍ഗാമികളെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് നീതീകരിക്കാവതല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
ജനറല്‍ സിക്രട്ടറി സി പി ഉമര്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ്് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ കെ പി സകരിയ്യ, സി അബ്ദുല്ലതീഫ്, അബ്ദുല്ലതീഫ് കരുമ്പുലാക്കല്‍, ശംസുദ്ദീന്‍ പാലക്കോട്, എം എം ബഷീര്‍ മദനി, കെ എ സുബൈര്‍, കെ എം കുഞ്ഞമ്മദ് മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, എഞ്ചി. സൈതലവി , ഡോ ഐ പി അബ്ദുസ്സലാം, ഡോ ജാബിര്‍ അമാനി, ഡോ. മുസ്തഫ കൊച്ചിന്‍, എം ടി മനാഫ് മാസ്റ്റര്‍, സുഹൈല്‍ സാബിര്‍, ബി പി എ ഗഫൂര്‍, അലി മദനി മൊറയൂര്‍, ഹമീദലി ചാലിയം, എം കെ മൂസ, പി അബ്ദുല്‍ അലി മദനി, സഹല്‍മുട്ടില്‍, നുഫൈല്‍ തിരൂരങ്ങാടി, വിസി മറിയക്കുട്ടി സുല്ലമിയ്യ, ആദില്‍ നസീഫ് മങ്കട, റുക്‌സാന വാഴക്കാട്, ഡോ അന്‍വര്‍ സാദത് പ്രസംഗിച്ചു.