കോഴിക്കോട്: സാമ്പത്തിക ക്രമക്കേട് മൂലം തന്നെ പുറത്താക്കിയതാണെന്ന ആരോപണം ശുദ്ധ കളവാണെന്ന് കഴിഞ്ഞദിവസം ഐ എന്‍ എല്‍ ഔദ്യോഗിക വിഭാഗത്തില്‍ ചേര്‍ന്ന മുന്‍ കെ.എം.സി.സി നേതാവ് സമദ് നരിപ്പറ്റ പ്രസ്താവനയില്‍ പറഞ്ഞു. ഐ. എന്‍. എല്‍ മറുവിഭാഗത്തിന്റെ പോക്കില്‍ തനിക്ക് തുടക്കത്തിലേ സംശയമുണ്ടായിരുന്നു. സ്വാര്‍ഥ താല്‍പര്യക്കാരായ, പല ഘട്ടങ്ങളിലായി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഈ ഗ്രൂപ്പ് തനി തട്ടിപ്പ് സംഘമാണെന്നും ഇവിടെയോ ഗള്‍ഫിലോ ഇവര്‍ക്കാപ്പം ആരുമില്ലെന്നും തിരിച്ചറിഞ്ഞപ്പോഴാണ് സുലൈമാന്‍ സേട്ട് സ്ഥാപിച്ച യഥാര്‍ഥ ഐ.എന്‍.എല്ലില്‍ ചേരാന്‍ തീരുമാനിച്ചത്. അതിന്റെയടിസ്ഥാനത്തില്‍ മെയ് 18ന് രാത്രി 8.19നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ രാജി അറിയിക്കുന്നത്. പിറ്റേന്ന് മാധ്യമങ്ങളെ കാണുന്നതു കൊണ്ട് സാമാന്യ മര്യാദ ഓര്‍ത്താണ് ഇത് ചെയ്തത്. അതോടെയാണ് ഫണ്ട് പിരിവും സാമ്പത്തിക ക്രമക്കേടും ആരോപിക്കുന്നത്.
താന്‍ പുറത്തു പോകുന്നതോടെ ഉള്ളുകള്ളികള്‍ പുറത്താവുമെന്ന ഭീതിയിലാണെന്നും അതുകൊണ്ടാണ് നട്ടാല്‍ മുളക്കാത്ത നുണ പ്രചരിപ്പിക്കുന്നത്. പൊതുജനമധ്യേ തനിക്ക് അങ്ങേയറ്റം അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചതിന് കെ.പി. ഇസ്മായിലിനും എന്‍.കെ അസീസിനുമെതിരെ നിയമനടപടി തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പോസ്റ്റര്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും.
സെക്കുലര്‍ ഇന്ത്യാ റാലിയുടെ പേരില്‍ ഇവിടെയും ഗള്‍ഫിലും പിരിച്ച പണത്തിന്റെ മുഴുവന്‍ കണക്കും പൊതുജനമധ്യേ വെക്കാന്‍ താന്‍ തയാറാണ്. ബഹ്‌റൈനില്‍ സംഘടന ശക്തമാണെന്നാണ് പറഞ്ഞിരുന്നത്. അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് ഒരാളുമായും ബന്ധമില്ലാത്ത ഒരു ഹൗസ് െ്രെഡവര്‍ മാത്രമാണുള്ളതെന്ന്. തന്റെ വ്യക്തബന്ധം വെച്ച് 350 ദിനാര്‍ പിരിച്ചു. 451 ദിനാര്‍ ചെലവായി. നാട്ടില്‍നിന്ന് പിരിച്ചത് 1,15,000. ചെലവായത് 126680 രൂപയുമാണെന്നും പറഞ്ഞു.