മുസ്‌ലിംകളെ ഒപ്പം കൂട്ടാന്‍ പദ്ധതിയുമായി ആര്‍ എസ് എസ്; യഥാര്‍ത്ഥ മുസ്‌ലിം നല്ല പൗരന്‍ എന്ന പേരില്‍ ക്യാംപയിന്‍

India

ന്യൂദല്‍ഹി: മുസ്‌ലിംകളെ ഒപ്പം നിര്‍ത്താനുള്ള പദ്ധതികളുമായി ആര്‍ എസ് എസ്. ഇതിനായി ‘യഥാര്‍ത്ഥ മുസ്ലിം, നല്ല പൗരന്‍’ എന്ന പ്രമേയവുമായി മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം ശക്തമാക്കും. ആര്‍ എസ് എസിന്റെ കീഴിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം വ്യാപകമാക്കാനാണ് തീരുമാനം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്താനുള്ള ആര്‍ എസ് എസ് ആവിഷ്‌ക്കരിച്ച പദ്ധതികളുടെ ഭാഗമായിട്ടാണ് ക്യാംപയിന്‍ നടത്തുന്നത്. കേരളത്തിലടക്കം പ്രമുഖരായ ചില മതപണ്ഡിതര്‍ സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍ എസ് എസ്.

ജൂണ്‍ എട്ട് മുതല്‍ 11 വരെയുള്ള തീയതികളില്‍ എം ആര്‍ എം പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. മധ്യപ്രദേശിലെ ഭോപ്പാലിലായിരിക്കും പരിശീലനമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നുണ്ട്. ആര്‍ എസ് എസിന്റെ ദേശിയ കാര്യനിര്‍വാഹ സമിതി അംഗവും മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാവുമായ ഇന്ദ്രേഷ് കുമാര്‍ ആണ് പരിശീലന പരിപാടി നയിക്കുന്നത്. മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തില്‍ 2021 ലാണ് അവസാനമായി ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വെച്ചായിരുന്നു അന്ന് പരിശീലന പരിപാടി നടക്കുന്നത്.

‘2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍ എസ് എസിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ച് ദേശവ്യാപകമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയ ഗാനം, ഒരു നിയമം എന്ന സന്ദേശത്തിലടിസ്ഥാനമാക്കിയാകും പ്രചരണ’മെന്ന് എം ആര്‍ എം മുഖ്യവക്താവ് ഷഹീദ് സെയ്ദ് പറഞ്ഞു. മുസ്ലിം ജനസംഖ്യയുള്ള മധ്യപ്രദേശിലെ ഭോപ്പാല്‍ ആണ് പ്രചരണ പരിശീലന പരിപാടിയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഷഹീദ് പറഞ്ഞു.