തിരുവനന്തപുരം: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ നിശിതമായി വിമര്‍ശിച്ച് ജെ ഡി യു ദേശീയ ജനറല്‍ സെക്രട്ടറി അഫാഖ് അഹമ്മദ് ഖാന്‍. ‘ആര്‍ക്കാണ് ഈ ബജറ്റു കൊണ്ട് പ്രയോജനം ലഭിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. ദരിദ്രര്‍ക്കാണോ? ജോലിക്കായി കഷ്ടപെടുന്ന യുവാക്കള്‍ക്കാണോ? പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ക്കാണോ? നികുതിദായകരില്‍ ഭൂരിഭാഗമായ വീട്ടമ്മമാര്‍ക്കാണോ? ഇവര്‍ക്കൊന്നുമല്ല. ഇന്ത്യന്‍ സമ്പദ്ഘടനക്കു വേണ്ടിയല്ല, കുങ്കുമ പാര്‍ട്ടിയുടെ ഏതാനും ഫണ്ടിംഗ് സുഹൃത്തുക്കള്‍ക്കു വേണ്ടിയുള്ളതാണ് ഈ ബജറ്റെന്ന് അഫാഖ് ഖാന്‍ തുറന്നടിച്ചു.
ചിന്തിക്കുന്ന ഏതെങ്കിലും ഇന്ത്യക്കാരന്‍ ഈ ധനമന്ത്രിയുടെ അവകാശവാദങ്ങള്‍ അംഗീകരിക്കുമോ ? വര്‍ദ്ധിച്ചുവരുന്ന അസമത്വവും ശതകോടീശ്വരന്മാരുടെ സമ്പത്തിലുണ്ടാകുന്ന വര്‍ധനയും സമ്പദ്ഘടനയുടെ ബാലന്‍സ് തെറ്റിക്കുകയാണ്. ജനസംഖ്യയുടെ ഒരു ശതമാനം മാത്രം ജനങ്ങളുടെ കൈകളില്‍ സ്വത്ത് കുമിഞ്ഞുകൂടുന്നത് ഞെട്ടലോടെയാണ് രാജ്യം കാണുന്നത്.
‘ധനമന്ത്രി തന്റെ പ്രസംഗത്തില്‍ ഒരിടത്തും തൊഴിലില്ലായ്മ, ദാരിദ്ര്യം, അസമത്വം തുല്യത എന്നീ വാക്കുകള്‍ ഒരിക്കല്‍പ്പോലും പരാമര്‍ശിക്കാന്‍ കൂട്ടാക്കിയില്ല എന്നത് ഞങ്ങളുടെ പാര്‍ട്ടിയെ ആശ്ചര്യപ്പെടുന്നു. ധനമന്ത്രിയുടെ പ്രസംഗത്തില്‍ ദരിദ്രന്‍ എന്ന വാക്ക് രണ്ടുതവണ പരാമര്‍ശിച്ചുകണ്ടതു തന്നെ മഹാ ഭാഗ്യം. അതിന് ഞങ്ങള്‍ ധനമന്ത്രിയോടു നന്ദി പറയുന്നു. ഈ സര്‍ക്കാരിന് ആരെക്കുറിച്ചാണ് ആശങ്കയെന്നും ആരെക്കുറിച്ചാണ് ആശങ്കയില്ലാത്തതെന്നും ഇന്ത്യയിലെ ജനങ്ങള്‍ നന്നായി മനസ്സിലാക്കുന്നുണ്ട്. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാവപ്പെട്ട ജനങ്ങള്‍ ഈ വഞ്ചനയ്ക്ക് കൃത്യമായ ഉത്തരം നല്‍കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്,’ അഫാഖ് ഖാന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് കണക്കാക്കിയിരുന്ന ഇഫക്ടീവ് ക്യാപ്പിറ്റല്‍ എക്‌സ്‌പെന്‍ഡിച്ചറുമായി ഒരു ബന്ധവുമില്ലാത്ത തോതിലാണ് ഗവണ്‍മെന്റിന്റെ യഥാര്‍ത്ഥ ക്യാപ്പിറ്റല്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ഉണ്ടായത് എന്നതില്‍ അഫാഖ് ഖാന്‍ ആശങ്ക പ്രകടിപ്പിച്ചു. 2022-23ലെ ബജറ്റ് രാജ്യത്തെ എങ്ങോട്ടാണ് നയിച്ചതെന്ന് അദ്ദേഹം ചോദിച്ചു. യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ഈ ധനമന്ത്രി രാജ്യത്തോട് മറുപടി പറയണം.
സ്വകാര്യ നിക്ഷേപം കുറഞ്ഞു. കയറ്റുമതി കുറഞ്ഞു. സ്വകാര്യ ഉപഭോഗം കീഴോട്ടാണെന്ന് കണക്കുകള്‍ പറയുന്നു. അപ്പോള്‍, നടപ്പുവര്‍ഷം 7 ശതമാനം വളര്‍ച്ചയുണ്ടായി എന്ന സര്‍ക്കാര്‍ വാദം എങ്ങനെയാണ് വിശ്വസിക്കുകയെന്ന് അഫാഖ് ഖാന്‍ ചോദിച്ചു. പുതിയ നികുതി വ്യവസ്ഥ തികച്ചും പരാജയമാണ്. അതിസമ്പന്നരായ ചെറിയൊരു വിഭാഗത്തിനൊഴികെ മറ്റാര്‍ക്കും ഒരു നികുതിയും കുറച്ചിട്ടില്ല. പരോക്ഷ നികുതികള്‍ കുറച്ചിട്ടില്ലെന്നും ക്രൂരവും യുക്തിരഹിതവുമായ ജി എസ് ടി നിരക്കുകളില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള വിപണിയില്‍ അനുകൂല സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞിട്ടും പെട്രോള്‍, ഡീസല്‍, സിമന്റ്, വളം തുടങ്ങിയവയുടെ വിലയില്‍ ഒരു കുറവില്ല. സംസ്ഥാന സര്‍ക്കാരുകളുമായി പങ്കിടാത്ത സര്‍ചാര്‍ജുകളിലും സെസ്സുകളിലും ഒരു കുറവുമില്ല. സമ്പന്നരെ മാത്രം സഹായിക്കുന്ന പുതിയ നികുതി സമ്പ്രദായം അന്യായമാണ്. പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ സാധാരണ നികുതിദായകര്‍ക്ക് ലഭിച്ചിരുന്ന ഏറ്റവും കുറഞ്ഞ സാമൂഹിക സുരക്ഷ പോലും കവര്‍ന്നെടുക്കുകയും ചെയ്തിരിക്കുന്നുവെന്ന് അഫാഖ് ഖാന്‍ കുറ്റപ്പെടുത്തി.
പൊതുവികസനത്തിനായി പ്രത്യേകം മാറ്റിവെക്കപ്പെട്ട ഇതര സാമ്പത്തിക സ്രോതസ്സുകളില്‍ നിന്നും അഹമ്മദാബാദിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്‌സിറ്റി (ഗിഫ്റ്റ്)ക്കു ഫണ്ടു കണ്ടെത്താനുള്ള പക്ഷപാതപരമായ തീരുമാനം വികസനരംഗത്ത് അസംതുലിതാവസ്ഥക്കു വഴി തെളിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
സാമ്പത്തിക സര്‍വേയില്‍ ചൂണ്ടിക്കാട്ടിയ ഇന്ത്യയും ലോകവും അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധികളെ ഈ ബജറ്റ് അവഗണിച്ചുവെന്ന് ജെഡിയു നേതാവ് വിമര്‍ശിച്ചു. ‘ഈ സര്‍ക്കാര്‍ ഏതോ സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത്, ബജറ്റ് പ്രസംഗം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ കണ്ടെന്നു പോലും നടിക്കുന്നില്ലെന്ന്
അഫാഖ് ഖാന്‍ ആക്ഷേപിച്ചു.
രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും പ്രതീക്ഷകള്‍ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്നും അവരുടെ ജീവിതമാര്‍ഗത്തെക്കുറിച്ചും പണക്കാരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതിനെക്കുറിച്ചും ബജറ്റ് നിശബ്ദമാണെന്നും ഖാന്‍ ആരോപിച്ചു.