സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളില്‍ വരുന്ന സിനിമാ നിരൂപണങ്ങള്‍ ആളുകളെ സിനിമയിലേക്ക് അടുപ്പിക്കുന്നില്ല: എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍

Kozhikode

കോഴിക്കോട്: മലയാളത്തിലെ സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളില്‍ വരുന്ന സിനിമാ നിരൂപണങ്ങള്‍, സിനിമയിലേക്ക് ആളുകളെ അടുപ്പിക്കുകയെന്ന ദൗത്യമല്ല പലപ്പോഴും നിര്‍വഹിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് ദര്‍ശനം സാംസ്‌കാരികവേദി ഗ്രന്ഥാലയം, മണമ്പൂര്‍ സുരേഷിന്റെ റേ മുതല്‍ ലണ്ടന്‍ ഫെസ്റ്റിവല്‍ വരെ എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തി സംഘടിപ്പിച്ച സര്‍ഗ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറിച്ച് സിനിമയില്‍ നിന്ന് തുടങ്ങി മറ്റ് സൈദ്ധാന്തിക പ്രശ്‌നങ്ങളിലേക്ക് വഴുതിമാറുകയാണ് പലപ്പോഴും നിരൂപണങ്ങള്‍. ഇവിടെയാണ് മണമ്പൂര്‍ സുരേഷിനെ പോലുള്ളവരുടെ സിനിമ അവലോകനങ്ങള്‍ വേറിട്ടതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഡോ. എം എന്‍ കാരശ്ശേരി അധ്യക്ഷത വഹിച്ചു. സിനിമാ നിരൂപകന്‍ എ വി ഫര്‍ദിസ് വിഷയാവതരണം നടത്തി. പ്രഫ. ടി ശോഭീന്ദ്രന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി സുരേഷ് ബാബു, ബാങ്ക് മെന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറി കെ ജെ തോമസ്, എഴുത്തുകാരി സാബി തെക്കെപ്പുറം, ന്യൂയോര്‍ക്ക് സര്‍ഗ വേദി മെന്റര്‍ മനോഹര്‍ തോമസ്, ഒഡേസ ഫിലിംസ് ബിജൂ രാഘവന്‍, ബീന വിജയന്‍, ആസ്വാദകരായ വി കെ വിജയലക്ഷ്മി, ഡാഗ്ലസ് ഡിസില്‍വ, സല്‍മി സത്യാര്‍ഥി, ആര്‍ട്ടിസ്റ്റ് റോണി ദേവസ്യ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 1000 ദിനം പൂര്‍ത്തീകരിച്ച ദര്‍ശനം ഓണ്‍ലൈന്‍ വായനാമുറി വിജയികള്‍ക്കും ആസ്വാദനക്കുറിപ്പ് എഴുത്തുകാര്‍ക്കും പ്രമുഖ സാഹിത്യകാരന്‍മാര്‍ ഒപ്പിട്ട പുസ്തകങ്ങള്‍ സമ്മാനമായി നല്കി.

ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതവും കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ സതീശന്‍ കൊല്ലറയ്ക്കല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വെച്ച് എം എന്‍ സത്യാര്‍ഥിയുടെ മകള്‍ സല്‍മി സത്യാര്‍ഥിക്ക് രക്ഷാധികാരി അംഗത്വ ഫലകം ദര്‍ശനം ഗ്രന്ഥശാല പ്രസിഡന്റ് പി. സിദ്ധാര്‍ഥന്‍ കൈമാറി.