കോണ്‍ഗ്രസ്സ് ഇനി മദ്ധ്യപ്രദേശില്‍ ശ്രദ്ധകേന്ദ്രീകരിക്കും; നയിക്കാന്‍ പ്രിയങ്ക ഗാന്ധിക്കു ചുമതല

Opinions

മദ്ധ്യപ്രദേശ് കത്ത് / ഡോ.കൈപ്പാറേടന്‍

കര്‍ണ്ണാടകയിലെ മിന്നുന്ന വിജയത്തിനു നേതൃത്വം കൊടുത്ത പ്രിയങ്കയെത്തന്നെ മുന്നില്‍ നിര്‍ത്തി ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മദ്ധ്യപ്രദേശില്‍ പോരാട്ടത്തിനിറങ്ങാനൊരുങ്ങി കോണ്‍ഗ്രസ്സ്.

2018 ലെ തിരഞ്ഞെടുപ്പില്‍ 230 അംഗ നിയമസഭയില്‍ 114 സീറ്റുകളോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായിരുന്നു. അന്ന് ബിജെപിക്ക് 109 സീറ്റുകള്‍ ലഭിച്ചിരുന്നു. വലിയ കക്ഷി എന്ന നിലയില്‍ തുടക്കത്തില്‍ കമല്‍നാഥിന്റെ കീഴില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. പാര്‍ട്ടിക്കു ഭരണം കിട്ടിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെയും അദ്ദേഹത്തെ പിന്തുണക്കുന്ന 20 ലധികം എം എല്‍ എമാരുടെയും കലാപത്തെത്തുടര്‍ന്ന് 2020 മാര്‍ച്ചില്‍ കോണ്‍ഗ്രസ്സിന്റെ കമല്‍നാഥ് സര്‍ക്കാര്‍ വീണു.

2018 ഡിസംബറിനും 2020 മാര്‍ച്ചിനും ഇടയിലുള്ള ഈ ചെറിയ കാലയളവ് ഒഴികെ, 2003 മുതല്‍ ബി ജെ പിയാണ് സംസ്ഥാനത്ത് തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്രൗഡ് പുള്ളറായ പ്രിയങ്കാ ഗാന്ധിയെ കളത്തിലിറക്കി പയറ്റാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി ജൂണ്‍ 12ന് മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. ജബല്‍പൂരില്‍ വിപുലമായ റോഡ് ഷോയും റാലിയും നടത്തിക്കൊണ്ടാവും പ്രിയങ്കയുടെ തുടക്കം.

സംസ്ഥാനത്തെ ജനങ്ങള്‍ പുണ്യനദിയായി കണക്കാക്കുന്ന നര്‍മ്മദാതീരത്തെ ഗ്വാരിഘട്ടില്‍ നര്‍മ്മദ പൂജയും പ്രാര്‍ത്ഥനയും നടത്തിയ ശേഷം പുതിയൊരു പരിവേഷവുമായിട്ടായിരിക്കും പ്രിയങ്ക പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കുക. ഒരേസമയം ന്യൂനപക്ഷങ്ങളെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തിയും വിശ്വാസത്തിലെടുത്തും അതേസമയം ഹിന്ദുത്വത്തിന്റെ കുത്തക BJP ക്കു പൂര്‍ണ്ണമായി വിട്ടുകൊടുക്കാതെയുമുള്ള പ്രായോഗിക രാഷ്ട്രീയമാണ് കോണ്‍ഗ്രസ്സ് സ്വീകരിക്കേണ്ടതെന്ന പ്രിയങ്കയുടെ വാദം കോണ്‍ഗ്രസ്സ് ഇതിനോടകം അംഗീകരിച്ചു കഴിഞ്ഞു.

എല്ലാ ഹിന്ദുത്വ വികാരങ്ങളുമുയര്‍ത്തി എങ്ങനെയും അധികാരം നിലനിര്‍ത്താന്‍ BJP പതിനെട്ട് അടവും പയറ്റുന്ന സംസ്ഥാനമാണ് ഇന്ത്യയുടെ ഹൃദയഭൂമിയായ മദ്ധ്യപ്രദേശ്. മഹാകോശല്‍, ഗ്വാളിയോര്‍ചമ്പല്‍, മധ്യവിന്ദ്യ, നിമര്‍മാല്‍വ, പൂര്‍വ്വദക്ഷിണ വിന്ദ്യ, ബുന്ദേല്‍ഖണ്ഡ് എന്നിങ്ങനെ ആറ് പ്രദേശങ്ങളാണ് മദ്ധ്യപ്രദേശിനുള്ളത്.

ഇതില്‍ ഏറ്റവും പ്രധാനമാണ് മഹാകോശല്‍ മേഖല. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെയുള്ള 13 പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളില്‍ 11 എണ്ണവും കോണ്‍ഗ്രസ് നേടിയിരുന്നു. BJP വെറും രണ്ട് മണ്ഡലങ്ങളിലാണ് വിജയിച്ചത്. ഈ മേഖലയിലെ ഏറ്റവും വലിയ നഗരമാണ് ജബല്‍പൂര്‍. പരമ്പരാഗത കോണ്‍ഗ്രസ്സ് മേഖലയായ ജബല്‍പൂരില്‍ത്തന്നെ നര്‍മ്മദയുടെ അനുഗ്രഹം തേടിയശേഷമുള്ള പ്രചാരണത്തുടക്കം പ്രിയങ്ക നടത്തുമ്പോള്‍ അതു നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്.

ജൂണ്‍ 12നാണ് പെതുപാടി നിശ്ചയിച്ചിരിക്കുന്നത്. അന്ന് പ്രിയങ്ക അവിടെ വലിയൊരു റോഡ്‌ഷോ നയിക്കും, തുടര്‍ന്ന് പൊതു റാലിയെ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ്സിന്റെ എം പിയും ധനമന്ത്രിയുമായിരുന്ന സിറ്റിംഗ് എം എല്‍ എ തരുണ്‍ ഭാനോട്ടിനാണ് പ്രചരണത്തിന്റെ സംഘാടനച്ചുമതല. ഇന്ദിരാഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ചാട്ടുളിപോലെ മൂര്‍ച്ചയുള്ള വാക്‌ധോരണികളുമായി ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധി നടത്തിയ പ്രചാരണം പാര്‍ട്ടിയെ വലിയ വിജയത്തിലേക്ക് നയിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും സാധാരണ ജനങ്ങളും വലിയ ആവേശത്തോടും പ്രതീക്ഷയോടും കൂടിയാണ് പ്രിയങ്കയെ കാത്തിരിക്കുന്നതെന്ന് ജബല്‍പൂര്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ജഗത് ബഹദൂര്‍ സിംഗ് പറഞ്ഞു. പ്രിയങ്കയുടെ ആദ്യ റാലിയില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എട്ട് ജില്ലകളാണ് മഹാകോശല്‍ മേഖലയിലുള്ളത്. ഇവിടുത്തെ ജനങ്ങള്‍ ബി ജെ പി ഭരണത്തില്‍ മനസ്സു മടുത്തവരാണ്. പ്രിയങ്ക കടന്നു വന്നാല്‍ ഇവിടം കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കടന്നുപോയത് സംസ്ഥാനത്തെ മാള്‍വ, മധ്യ മേഖലകളിലൂടെയാണ്. പൊതുജനങ്ങളില്‍ വലിയ ആവേശമുയര്‍ത്തിയാണ് ആ ജാഥ കടന്നുപോയത്. അതിനാല്‍ ആദ്യപര്യടനത്തിനായി പ്രിയങ്ക ഗാന്ധി തെരഞ്ഞെടുത്തത് ജോഡോ യാത്ര കടന്നുപോകാത്ത സംസ്ഥാനത്തെ മറ്റൊരു പ്രധാന മേഖലയായ മഹാകോശലാണ്. മഹാകോശലിലെ റാലി തൊട്ടടുത്തുള്ള വിന്ധ്, ബുന്ദേല്‍ഖണ്ഡ് മേഖലകളിലും ചലനങ്ങളുണ്ടാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

മഹാകോശലിലെങ്ങും ബി ജെ പിക്കെതിരെ കടുത്ത നീരസം പ്രകടമാണ്. ഈ പ്രദേശത്ത് പരമ്പരാഗതമായി കോണ്‍ഗ്രസിനു മാത്രം വോട്ട് ചെയ്തിരുന്ന വലിയൊരു വിഭാഗം ആദിവാസികളുണ്ട്. ഇവരില്‍ ആവേശമുണ്ടാക്കി കൂടെ ഉറപ്പിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്കയെ കളത്തിലിറക്കി കളിയാരംഭിക്കാന്‍ രാഹുല്‍ തീരുമാനിച്ചതെന്നു വ്യക്തം. ജബല്‍പൂര്‍, കട്‌നി, സിയോനി, നര്‍സിംഗ്പൂര്‍, ബാലാഘട്ട്, മണ്ഡ്‌ല, ദിന്‍ഡോരി, ചിന്ദ്വാര ജില്ലകള്‍ ഉള്‍പ്പെടുന്ന ജബല്‍പൂര്‍ ഡിവിഷനാണ് മഹാകോശല്‍ മേഖലയുടെ ആധിപത്യം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഡിവിഷനിലുള്ള 38 സീറ്റുകളില്‍ 24ലും കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപിക്ക് 13ഉം സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒരു സീറ്റും ലഭിച്ചു. PCC അദ്ധ്യക്ഷന്‍ കമല്‍നാഥിന്റെ തട്ടകമായ ചിന്ദ്വാര ജില്ലയിലെ ഏഴ് നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ്സാണ് വിജയിച്ചത്. എന്നാല്‍ തികച്ചും ആകസ്മികമായി, 2013ലെ തിരഞ്ഞെടുപ്പില്‍ 38ല്‍ 24 സീറ്റുകളും ബി ജെ പിക്കു നല്‍കിയ ചരിത്രവും മഹാകോശല്‍ മേഖലയ്ക്കുണ്ട്. അന്ന് 13 സീറ്റുകള്‍ കൊണ്ട് കോണ്‍ഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു.

മഹാകോശലിനു തൊട്ടടുത്തു കിടക്കുന്ന വിന്ദ് മേഖലയില്‍ 2018ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി 24 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് ആറ് മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിച്ചത്. സാധാരണ ഗതിയില്‍ മദ്ധ്യപ്രദേശിലെ ആറ് മേഖലകളില്‍ മൂന്നിടത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ഏതു പാര്‍ട്ടിയാണോ അവര്‍ അധികാരത്തില്‍ വരുമെന്നാണ് ചരിത്രം. അതുകൊണ്ടു തന്നെ മദ്ധ്യപ്രദേശില്‍ BJP യില്‍ നിന്ന് ഭരണം തിരിച്ചു പിടിച്ചു കോണ്‍ഗ്രസിന് കൊടുക്കുക എന്നത് പ്രിയങ്കയ്ക്ക് വലിയ വെല്ലുവിളി തന്നെയാണെന്നതില്‍ സംശയമില്ല.