ആരുടെ പോലീസ് ?

Opinions

അനുഭവം/ കെ കെ സുരേന്ദ്രന്‍

(ജയിലില്‍ അടയ്ക്കപ്പെട്ട വാസുവേട്ടന്റെ കേസ് ഇന്ന് വീണ്ടും കോടതിയുടെ മുന്നിലെത്തുകയാണ്. ഒരു മാസത്തിലധികമായി തടവറയില്‍ കഴിയുന്ന 95 കാരനായ വാസുവെന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ പൊതുസമൂഹത്തോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിലൊന്ന് പൊലീസി ങ്ങിനെക്കുറിച്ചുമാണ്. ഇതാരുടെ പോലീസാണെന്ന സംശയം നേരത്തെയും നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. മുത്തങ്ങ സംഭവത്തെത്തുടര്‍ന്ന് നടന്ന പോലീസ് അതിക്രമങ്ങളില്‍ ഇരയായ കെ കെ സുരേന്ദ്രന്‍ എന്ന അധ്യാപകന്‍ ഒരിക്കല്‍ ഇതേ ചോദ്യം ഉന്നയിച്ചു. അതാണ് ഈ കുറിപ്പ്.)

മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷണം നടത്തണം എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും പട്ടിക വര്‍ഗ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. 2003 ഫെബ്രുവരി 19 മുതല്‍ 22 വരെ സുല്‍ത്താന്‍ ബത്തേരി കേന്ദ്രമാക്കി ആദിവാസികള്‍ക്കെതിരെ ഭീകരമായ പൊലീസ് അതിക്രമമാണ് നടന്നത്. ഈ പശ്ചാത്തലത്തിലാണ് ദേശീയ കമ്മീഷനുകള്‍ സി.ബി.ഐ അന്വേഷണത്തോടൊപ്പം ഇത്തരമൊരു ശിപാര്‍ശ നല്‍കിയത്.

അന്ന് ഈ അതിക്രമം നടത്തിയ എ.കെ.ആന്റണിയുടെ സര്‍ക്കാര്‍ ടേം സ് ഓഫ് റഫറന്‍സില്‍ അക്കാര്യം ഉള്‍പ്പെടുത്താതെ പൊലീസുകാരന്റെ മരണവും അതിന്റെ ഗൂഢാലോചനയും മാത്രം അന്വേഷിക്കാന്‍ ഉത്തരവിറക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം മര്‍ദ്ദനമേറ്റു. സമരത്തില്‍ പങ്കെടുക്കാത്തവരടക്കം ജയിലിലായി. ജാനുവിനും ഗീതാനന്ദനും എനിക്കുമൊക്കെ അതിഭീകരമായ മര്‍ദ്ദനമേറ്റു. അന്ന് കേരളത്തിലെ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യം അന്വേഷിച്ചെങ്കിലും റിപ്പോര്‍ട്ട് എഴുതി വെച്ചതല്ലാതെ ഒന്നും ചെയ്തില്ല.

മുത്തങ്ങ അതിക്രമം ചോദ്യം ചെയ്ത് ഞാന്‍ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ നല്‍കിയ കേസുകള്‍ മാത്രമായിരുന്നു ഇക്കാര്യത്തില്‍ നടന്ന ഏക നിയമ നടപടി. മുന്‍സിഫ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം ചാര്‍ജ് ചെയ്ത് വിചാരണ ഘട്ടത്തിലെത്തിയപ്പോള്‍ അത് ഹൈക്കോടതിയാല്‍ ക്വാഷ് ചെയ്യപ്പെട്ടു. ഹൈക്കോടതിയില്‍ ഞാന്‍ പോയെങ്കിലും അനുകൂല വിധി കിട്ടിയില്ല. പൊലീസിന് അത്രമേല്‍ സംരക്ഷണമാണ് ഭരണകൂടം നല്‍കുന്നത്.

അതിക്രമം നടത്തിയാല്‍ പോലും പൊലീസിനെതിരെ നടപടികള്‍ എളുപ്പമല്ല. നിയമാനുസൃതം സബ് കോടതിയില്‍ നല്‍കിയ സിവില്‍ കേസാണ് പതിനെട്ടാമത്തെ വര്‍ഷം എനിക്കനുകൂലമായി വിധിയായത്. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതില്‍ മൂന്നിലൊന്ന് തുകയാണ് വിധിച്ചത്. മുത്തങ്ങയില്‍ നടന്ന പൊലീസ് അതിക്രമം ചോദ്യം ചെയ്ത് അന്ന് സമരം ചെയ്ത പാര്‍ട്ടികളാണ് (കേരള കോണ്‍ഗ്രസൊഴികെ) ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ക്രൂരമായ പൊലീസ് മര്‍ദ്ദനവും അതിക്രമവും നേരിട്ടയാളാണ് ആഭ്യന്തര വകുപ്പിനും ഭരണത്തിനും നേതൃത്വം കൊടുക്കുന്നത്. വളരെ വൈകിക്കിട്ടിയ നീതിപോലും എന്നില്‍ നിന്ന് തട്ടിത്തെറിപ്പിക്കാന്‍ നോക്കുന്ന ഈ ഗവണ്‍മെന്റ് പൊലീസിന്റെ മാത്രമാണോ എന്റേയും കൂടിയല്ലേ ?