കൊന്നിട്ടും കലി തീരുന്നില്ല, സിദ്ധാര്‍ത്ഥിനെതിരെ മരണാനന്തരം പെണ്ണുകേസില്‍ പെടുത്തി പരാതി

Kerala

കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാംപസിലെ ഹോസ്റ്റല്‍ മുറിയില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ഥിനെതിരെ മരണശേഷം ഐ സി സിക്ക് പരാതി. പെണ്ണുകേസില്‍ പെടുത്തിയാണ് സിദ്ധാര്‍ത്ഥിന്റെ മരണശേഷം പരാതി നല്‍കിയിരിക്കുന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജെ.എസ്.സിദ്ധാര്‍ഥനെതിരെ 18നാണ് കോളജില്‍ പരാതി നല്‍കിയത്. സിദ്ധാര്‍ഥ് മരിച്ച അതേ ദിവസം തന്നെയാണ് പരാതി എത്തിയത്. എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദനത്തിനും ഇരയായതിനു പിന്നാലെയാണ് സിദ്ധാര്‍ഥിനെ ശുചിമുറിയില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് പരാതി. 14നു കോളജിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോളേജില്‍ പരാതി നല്‍കിയത്. 19നു കോളജില്‍ ലഭിച്ച പരാതി 20നാണ് കോളജ് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് (ഐസിസി) കൈമാറുന്നത്. സിദ്ധാര്‍ഥന്‍ മരിച്ചിട്ടും കമ്മിറ്റി യോഗം ചേര്‍ന്ന് പരാതി പരിശോധിച്ചു. ആരോപണ വിധേയന്‍ മരിച്ചതിനാല്‍ നോട്ടീസ് നല്‍കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഐസിസിയുടെ ഇന്‍ക്വയറി റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിദ്ധാര്‍ത്ഥിനെതിരെ മരണശേഷം ലഭിച്ച പരാതി കെട്ടിച്ചമച്ചതെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. സിദ്ധാര്‍ഥന്‍ മരിച്ചതറിഞ്ഞിട്ടും പരാതി കമ്മിറ്റി പരിശോധിക്കുകയായിരുന്നു. ഫെബ്രുവരി 14ന്, കോളജിലെ പരിപാടിക്കിടെ പെണ്‍കുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരില്‍ സിദ്ധാര്‍ഥനെ ഗ്രൗണ്ടില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്നു ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥിനെതിരെ നടന്നത്. ഹോസ്റ്റല്‍ നടുമുറ്റത്ത് വച്ചായിരുന്നു സിദ്ധാര്‍ത്ഥിനെതിരെ ആള്‍ക്കൂട്ട വിചാരണ നടത്തിയത്. ആരും സഹായത്തിന് എത്താത്ത നിസ്സഹായതയിലായിരുന്നു സിദ്ധാര്‍ത്ഥ്. അടുത്ത സുഹൃത്തുക്കളാരും സഹായത്തിനെത്തിയിരുന്നില്ല.

ആത്മഹത്യാ പ്രേരണ, മര്‍ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാര്‍ത്ഥി പ്രതിനിധി കൂടിയാണ് അറസ്റ്റിലായ അരുണ്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ശരിവക്കുന്ന തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. എന്നാല്‍ സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന ആരോപണം ശക്തമാണ്. സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൂന്ന് ദിവസമായി ഒരുഭക്ഷണവും കഴിച്ചിട്ടില്ലെന്നാണ് പറയുന്നത്. അവശനായി കിടന്ന സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയിരിക്കാമെന്നാണ് ബന്ധുക്കളും ആരോപിക്കുന്നത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സിദ്ധാര്‍ത്ഥ് നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്.