അര്‍ദ്ധരാത്രി നടുറോഡില്‍ യുവതിക്കും കുടുംബത്തിനും നേരെ അക്രമം: എസ് ഐക്ക് സസ്‌പെന്‍ഷന്‍

Kerala

കോഴിക്കോട്: അര്‍ദ്ധരാത്രി നടുറോഡില്‍ യുവതിക്കും കുടുംബത്തിനും നേരെ അക്രമം നടത്തിയ സംഭവത്തില്‍ എസ്. ഐയെ സസ്‌പെന്‍ഡു ചെയ്തു. കോഴിക്കോട് നടക്കാവ് എസ്.ഐ. വി.കെ.വിനോദ് കുമാറിനെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം എസ്.ഐക്കും കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ യുവതിയുടെ പരാതിയില്‍ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. സൈക്കോളജിസ്റ്റായ കോഴിക്കോട് അത്തോളി കോളിയോട്ട് താഴം അഫ്‌ന അബ്ദുള്‍ നാഫി (30) ആണ് പരാതിക്കാരി. ഇവര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ കോഴിക്കോട് അത്തോളിക്കടുത്ത കൊളത്തൂരിലായിരുന്നു സംഭവം. മുക്കം ഭാഗത്ത് നിന്ന് കുടുംബ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു അഫ്‌നയും കുടുംബവും. ഭര്‍ത്താവ് അബ്ദുള്‍നാഫിയാണ് വണ്ടിയോടിച്ചിരുന്നത്. നാല് കുട്ടികളടക്കം എട്ടുപേര്‍ വണ്ടിയിലുണ്ടായിരുന്നു. അഫ്‌നയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ എതിര്‍ ദിശയില്‍ വന്ന വാഹനം ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തതിനെ തുടര്‍ന്ന് ഉണ്ടായ വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്. എതിരെ വന്ന യുവാക്കാള്‍ മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ യുവാക്കള്‍ തന്നെ പൊലീസിനെ വിളിക്കുകയിരുന്നു. തുടര്‍ന്നാണ് നടക്കാവ് എസ്.ഐ വിനോദും സുഹൃത്തുക്കളും സ്ഥലത്ത് എത്തിയത്. ബൈക്കുകളില്‍ എത്തിയ എസ്.ഐയും സംഘവും കാറിന്റെ ഡോര്‍ ബലമായി തുറന്ന് ഭര്‍ത്താവിനെ കാരണമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് അഫ്‌ന പറയുന്നു. തടയാന്‍ ചെന്നപ്പോള്‍ എസ്. ഐ യും സുഹൃത്തുക്കളും തന്നെയും ക്രൂരമായി മര്‍ദിച്ചു. മദ്യ ലഹരിയിലായിരുന്ന എസ്.ഐ വിനോദ് തന്നെ കടന്നു പിടിക്കുകയും മാറിടങ്ങളിലും സ്വകാര്യ ഭാഗങ്ങളിലും മര്‍ദിക്കുകയും ചെയ്തുവെന്ന് അഫ്‌ന പറഞ്ഞു. വിനോദിന്റെ കൂടെയുണ്ടായിരുന്ന ആള്‍ അഫ്‌നയുടെ കൈകളിലും മറ്റും കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.

കാറിലുണ്ടായിരുന്ന കുട്ടികളെയും സംഘം മര്‍ദിച്ചു. പരിഭ്രാന്തരായ കുടുംബം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കാക്കൂര്‍ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് അഫ്‌നയും കുടുംബവും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭര്‍ത്താവടക്കം മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റ അഫ്‌നയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

അതേസമയം സംഭവത്തില്‍ അഫ്‌നയുടെ കാറിനെതിരെ വന്ന വണ്ടിയിലെ യാത്രക്കാരായ വിഷ്ണു, അനന്തു എന്നിവരുടെ പരാതിയിലും കേസെടുത്തതായി കാക്കൂര്‍ സി.ഐ. എം. സനല്‍ പറഞ്ഞു. ഇരുവരേയും അഫ്‌നയുടെ ഭര്‍ത്താവ് അബ്ദുള്‍ നാഫി മര്‍ദ്ദിച്ചെന്നാണ് പരാതി. വിഷ്ണുവും അനന്തവും എസ്.ഐ പങ്കെടുത്ത വിവാഹ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. എസ്.ഐ വിനോദ്കുമാറിന്റെ ബന്ധുവീട്ടിലായിരുന്നു വിവാഹാഘോഷ പാര്‍ട്ടി.