ബംഗളുരു: കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ജി പരമേശ്വരയാണ് ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിന്‍വലിക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന മന്ത്രിയുടെ പ്രഖ്യാപനം വന്ന ഉടനെ ഇതിനെതിരെ ബി ജെ പി രംഗത്തുവന്നിട്ടുണ്ട്. നിയമമാകുകയും കോടതി അംഗീകരിക്കുകയും ചെയ്ത കാര്യത്തില്‍ മാറ്റം വരുത്തിയാല്‍ എതിര്‍ക്കുമെന്നാണ് ബി ജെ പി പറഞ്ഞത്.
നേരത്തെ സുപ്രീം കോടതി വരെ ഇടപെടാന്‍ വിസമ്മതിച്ച വിഷയമാണ് കര്‍ണാടകയിലെ ഹിജാബ് നിരോധനം. സര്‍ക്കാര്‍ മാറിയതോടെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ളത് കഴിക്കാനുമുള്ള അവസരമാണ് കര്‍ണാടകയില്‍ സംജാതമാകുന്നത്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിന്‍വലിക്കണമെന്ന് ആംനസ്റ്റി ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനപരിശോധന നടത്തുന്നത്.
ഹിജാബ് വിഷയമുള്‍പ്പടെ മനുഷ്യാവകാശങ്ങള്‍ക്കായി മൂന്ന് മുന്‍ഗണന നടപടികള്‍ കൈക്കൊള്ളണമെന്ന് ആംനസ്റ്റി ഇന്ത്യ ചൊവ്വാഴ്ച കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ എല്ലാവരുടെയും മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ഉയര്‍ത്തിപ്പിടിക്കുകയുമാവണം പുതിയ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ആംനസ്റ്റി അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ മന്ത്രി ജി പരമേശ്വര നിലപാട് വ്യക്തമാക്കിയത്.