ആയിരം പൊലീസുകാര്‍ക്കിടയില്‍ ഒളിക്കുന്ന ഭീരുവാകരുത് മുഖ്യമന്ത്രിയെന്ന് വി ഡി സതീശന്‍

Kerala News

കോഴിക്കോട്: മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാവുകയാണ്. ഒരു സംസ്ഥാന മുഖ്യമന്ത്രി ആയിരം പൊലീസുകാര്‍ക്കിടയില്‍ ഒളിക്കുന്ന ഭീരുവാകരുത്. പ്രതിഷേധിച്ച കുട്ടികളെ ആത്മഹത്യാസ്‌ക്വാഡെന്നും ചാവേറുകളെന്നും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ വിളിച്ചു. ആ കുട്ടികളെ ഓര്‍ത്ത് അഭിമാനിക്കുന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കോംട്രസ്റ്റ് സംരക്ഷണമാവശ്യപ്പെട്ട് കേഴിക്കോട്ട് കോണ്‍ഗ്രസ് നടത്തുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മാധ്യമങ്ങളോടും ഉദ്ഘാടന പ്രസംഗത്തിലും പിണറായി വിജയനെതിരേയും എം വി ഗോവിന്ദനേയും അതിരൂക്ഷമായി സതീശന്‍ വിമര്‍ശിച്ചത്.

കഴിഞ്ഞദിവസം കോഴിക്കോട്ട് പൊതുസ്വകാര്യപരിപാടികള്‍ക്കെത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങളും കറുപ്പിനോടുള്ള വെറുപ്പിനുമെതിരെയായിരുന്നു സതീശന്റെ വിമര്‍ശനങ്ങള്‍. പാര്‍ട്ടി സെക്രട്ടറി നയിക്കുന്നത് സ്വപ്നയേയും ആകാശ് തില്ലങ്കേരിയേയും പ്രതിരോധിക്കാനുള്ള യാത്രയാണെന്നും സതീശന്‍ പറഞ്ഞു.

മരണ വീടുകളില്‍ കരിങ്കൊടി കെട്ടാനും പൊതുജനങ്ങള്‍ക്ക് കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിക്കാനും അനുവദിക്കാത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാകുകയാണ്. വഴിയരികില്‍ രണ്ട് കുട്ടികള്‍ കരിങ്കൊടി ഉയര്‍ത്തിക്കാട്ടിയാല്‍ ആയിരം പൊലീസുകാര്‍ക്ക് ഇടയിലേക്ക് ഓടിയൊളിക്കുന്ന ഭീരുവായി മുഖ്യമന്ത്രി മാറി. കോണ്‍ഗ്രസ് ആത്മഹത്യാ സ്‌ക്വാഡുകളെ നിയോഗിച്ചിരിക്കുകയാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. പ്രതിഷേധം പ്രകടിപ്പിക്കുന്ന കുട്ടികളെയാണ് ആത്മഹത്യാ സ്‌ക്വാഡെന്ന് വിളിച്ചത്. നികുതിക്കൊള്ളയ്‌ക്കെതിരെ സമരം പ്രഖ്യാപിച്ചപ്പോള്‍ യു ഡി എഫിന് സത്യഗ്രഹം മാത്രമെ നടത്താന്‍ അറിയൂവെന്നാണ് മുഖ്യമന്ത്രി പരിഹസിച്ചത്. എന്നിട്ടിപ്പോള്‍ പൊലീസിന്റെ മറവില്‍ ഒളിക്കുന്ന മുഖ്യമന്ത്രിയെ കേരളത്തിന് കാണാന്‍ പോലും കിട്ടുന്നില്ല. സത്യഗ്രഹത്തില്‍ നിന്നും ആത്മഹത്യാ സ്‌ക്വാഡിലേക്ക് പ്രതിപക്ഷത്തിന്റെ സമരം വളര്‍ന്നെന്ന് സി.പി.എം സമ്മതിച്ചിരിക്കുകയാണ്. ജനകീയ സമരങ്ങള്‍ നടത്തുന്നവരെ അര്‍ബന്‍ നക്‌സലൈറ്റുകളെന്നും തീവ്രവാദികളെന്നും വിളിച്ചതിന് പുറമെയാണ് ഇപ്പോള്‍ ആത്മഹത്യാ സ്‌ക്വാഡെന്നും വിശേഷിപ്പിക്കുന്നത്. സമരം ഇനിയും ശക്തിപ്പെടുത്തും. സര്‍ക്കാരിനെ സമരത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിയുമെമെന്നും സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഒരു ഭാഗം മാത്രമാണ് കരിങ്കൊടി കാട്ടല്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കരിങ്കൊടി കാണാന്‍ ഭാഗ്യമുണ്ടായ കേരളത്തിലെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തതു കൊണ്ടാണ് പാലക്കാട്ട് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. കരുതല്‍ തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കും. കരുതല്‍ തടങ്കല്‍ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായ നിലപാടാണ് കേരളത്തിലെ പൊലീസ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *