വ്യാപാരിയുടെ കൊലപാതകം; മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച ട്രോളി ബാഗുകള്‍ കണ്ടെത്തി, യുവതിയടക്കം നാലുപേര്‍ പൊലീസിന്‍റെ പിടിയില്‍

Crime

മലപ്പുറം: വ്യാപാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച ട്രോളി ബാഗ് കണ്ടെത്തി. അട്ടപ്പാടി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്നാണ് രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തിയത്. തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദീഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബിലി (22), ഫര്‍ഹാന (18) എന്നിവരെ പൊലീസ് ചെന്നൈയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ഫര്‍ഹാനയുടെ സഹോദരനും, ഷിബിലിയുടെ സുഹൃത്തും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. സിദ്ദീഖിന്റെ കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലി ചെര്‍പ്പുളശ്ശേരി സ്വദേശിയാണ്. ഇയാളുടെ സുഹൃത്താണ് ഫര്‍ഹാന. ഫര്‍ഹാനയും ഷിബിലിയും തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

സിദ്ദീഖിനെ കാണാതായതിനെ തുടര്‍ന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിയുന്നത്. സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് സിദ്ദീഖ് കൊലചെയ്യപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയാണ് ഹോട്ടലില്‍ നിന്നും കൊണ്ടുപോയത്. ഇത്തരത്തില്‍ കൊണ്ടുപോയ ട്രോളി ബാഗാണ് അട്ടപ്പാടി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്നും കണ്ടെത്തിയത്.

ഷിബിലിയും ഫര്‍ഹാനയും കഴിഞ്ഞദിവസം മുതല്‍ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.

കൊല്ലപ്പെട്ട സിദ്ദീഖിന്റെ അക്കൗണ്ടില്‍ നിന്നും എ ടി എമ്മില്‍ നിന്നുമായി രണ്ടുലക്ഷത്തോളം രൂപ നഷ്ടമായതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ പതിനെട്ടാം തിയ്യതി മുതലാണ് സിദ്ദീഖിനെ കാണാതായത്.