ബീഹാര്‍ കത്ത് / ഡോ.കൈപ്പാറേടന്‍
പാട്‌ന: എന്‍ഡിഎ ഇതര പ്രതിപക്ഷ നേതാക്കളുടെ യോഗം ജൂണ്‍ 12ന് പട്‌നയില്‍ ചേരുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ RJD നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര്‍ ഞായറാഴ്ച പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബി ജെ പിയെ പുറത്താക്കി ആര്‍ ജെ ഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മുതല്‍ RJD അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ ആഗ്രഹപ്രകാരം ബിജെപിക്കെതിരെ രാജ്യത്തുടനീളമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.
ഇതൊരു കൂട്ടായ പരിശ്രമമാണ്. BJP ക്കെതിരെ എല്ലാവരെയും ഒരുമിച്ചു നിര്‍ത്തുക എന്ന സിംഗിള്‍ അജണ്ട മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. ജൂണ്‍ 12ന് പ്രതിപക്ഷ നേതാക്കളുടെ യോഗം നിശ്ചയിച്ചിട്ടുണ്ട്. വളരെ വേഗം പോസിറ്റീവായ ഒരു ചിത്രം രാജ്യത്തിനു ലഭിക്കുമെന്ന് ഇരുവരും പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വവും ശരദ് പവാറും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതയുമടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളുമായി തീയതി സംബന്ധിച്ച് സമ്മതം തേടിയതിനു ശേഷമാണ് പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന്റെ തീയതി തീരുമാനിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 12നു വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 പ്രമുഖ പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കളെങ്കിലും ഇതുവരെ സമ്മതം നല്‍കിയിട്ടുണ്ട്.
നിതീഷും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി തേജസ്വി യാദവും വിവിധ ചാനലുകളിലൂടെ രാജ്യത്തുടനീളമുള്ള മിക്കവാറും എല്ലാ എന്‍ ഡി എ ഇതര പാര്‍ട്ടികളുടെയും നേതാക്കളെ സമീപിച്ച് പാട്‌ന യോഗത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു.
കോഴിക്കോട്ട് അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് MP വീരേന്ദ്രകുമാറിന്റെ അനുസ്മരണ റാലിയെ അഭിസംബോധന ചെയ്യുന്നതിനും LJD ഉള്‍പ്പടെയുള്ള കക്ഷികളെ 12ാം തീയതി നടക്കുന്ന യോഗത്തിലേക്കു ക്ഷണിക്കുന്നതിനുമായി തേജസ്വി ഇന്നലെ കേരളത്തിലെത്തിയിരുന്നു.
ശനിയാഴ്ച വൈകിട്ട് കോഴിക്കോടിനു പുറപ്പെടാനായിരുന്നു തേജസ്വി ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പാറ്റ്‌നയിലെ യോഗ തീയതി സംബന്ധിച്ച് ചില അനിശ്ചിതത്വങ്ങള്‍ ഉണ്ടായതു മൂലം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തേജസ്വി യാത്ര ഞായറാഴ്ച അതിരാവിലത്തേക്കു മാറ്റി വെക്കുകയായിരുന്നു.
രാത്രിയില്‍ പക്ഷേ അവസാന ധാരണയായില്ല. അതിനാല്‍ തേജസ്വി കേരളത്തിലേക്കു യാത്ര പുറപ്പെടുന്നതിന് മുമ്പ് മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിലേക്കു വെളുപ്പിനെ അദ്ദേഹത്തെ വിളിച്ചുവരുത്തുകയായിരുന്നു. പക്ഷേ മുഖ്യമന്ത്രിയുമായുള്ള വെളുപ്പിനെയുള്ള കൂടിക്കാഴ്ചയും ചര്‍ച്ചയും അപ്രതീക്ഷിതമായി നീണ്ടു പോയി. അതിനാല്‍ ഏറെ വൈകി ഉച്ചയോടെ മാത്രമാണ് തേജസ്വിക്കു കേരളത്തിലേക്കു യാത്ര തിരിക്കാനായത്.
മമത, പവാര്‍, കെജരിവാള്‍, അഖിലേഷ്, ഉദ്ദവ് എന്നിവരെ ഫോണില്‍ ബന്ധപ്പെട്ട് യോഗ തീയതി സംബന്ധിച്ച് ചര്‍ച്ച ചെയ്തു സമ്മതം നേടുന്നതിനാണ് മുഖ്യമന്ത്രി തേജസ്വിയോട് യാത്ര വൈകിപ്പിക്കാന്‍ ആവിശ്യപ്പെട്ടത്. പ്രമുഖ നേതാക്കളുമായി ബന്ധപ്പെട്ട് തീയതി സംബന്ധിച്ച് തേജസ്വിയുമായി ഒരുമിച്ചിരുന്ന് ഏകോപനം ഉണ്ടാക്കിയതിനു ശേഷംമാത്രമാണ് ഇരുവരും ചേര്‍ന്ന് അന്തിമ തീരുമാനം ഞായറാഴ്ച ഉച്ചയോടെ ഔദ്യോഗികമായി പരസ്യപ്പെടുത്തിയത്. ഇതോടെ തേജസ്വിയുടെ യാത്ര വല്ലാതെ വൈകി. ഇതു മൂലം ഞായറാഴ്ച കോഴിക്കോട് സംഘടിപ്പിച്ചിരുന്ന RJD സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ ഉറപ്പു പറഞ്ഞിരുന്ന തേജസ്വിക്ക് ആ യോഗത്തില്‍ പങ്കെടുക്കാനായില്ല.
നാലുമണിയോടെ മാത്രമാണ് അദ്ദേഹത്തിന് കോഴിക്കോട് എത്തിച്ചേരാന്‍ കഴിഞ്ഞത്. സംസ്ഥാന നേതൃയോഗത്തില്‍ എത്തിച്ചേരാന്‍ തേജസ്വിക്ക് കഴിയാതെ പോയത് ഈ സാഹചര്യത്തിലാണെന്ന് RJD കേന്ദ്രനേതൃത്വം പാറ്റ്‌നയില്‍ അറിയിച്ചു.
ജൂണ്‍ 12ന് കോണ്‍ഗ്രസ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ എഎപി, മമത ബാനര്‍ജി യുടെ ടിഎംസി, ശരദ് പവാറിന്റെ NCP എന്നീ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം യോഗത്തില്‍ എത്തിച്ചേരാന്‍ സമ്മതം നല്‍കിയിട്ടുണ്ട്. കൂടാതെ, ഉദ്ധവ് താക്കറെയുടെ ശിവസേന, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ JMM, അഖിലേഷ് യാദവിന്റെ SP, ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ INLD, UP യിലെ ജയന്ത് ചൗധരിയുടെ RLD, മൗലാന ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫ്, സിപിഐ, സിപിഎം, സിപിഐ–എ.എല്‍ എന്നിവയുടെയും സാന്നിദ്ധ്യം യോഗത്തില്‍ ഉറപ്പായിട്ടുണ്ട്.