പമ്പ: പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരേ അയ്യപ്പഭക്തന്മാര്‍ക്കിടയില്‍ ബോധവല്‍ക്കരണവുമായി മലേഷ്യന്‍ സ്വാമിമാര്‍. ഗുരുസ്വാമിയായ ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ തമിഴ് വംശജരായ മലേഷ്യന്‍ പൗരന്മാരായ അയ്യപ്പഭക്തരുടെ സംഘമാണ് പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരേ സന്നിധാനത്ത് ലഘുലേഖകളുമായി ബോധവല്‍ക്കരണം നടത്തിയത്.
ശബരിമലയില്‍ ഉത്തരവാദിത്ത തീര്‍ഥാടനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ചേര്‍ന്നാണ് പതിവായി ശബരിമല സന്ദര്‍ശനത്തിനെത്തുന്ന മലേഷ്യന്‍ സ്വാമിമാരുടെ സംഘം അയ്യപ്പഭക്തര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയത്. പ്രഫഷണലുകളും വിദ്യാര്‍ഥികളും അടങ്ങുന്നവരാണ് സംഘത്തിലുളളത്. പലരും പതിറ്റാണ്ടിലേറെയായി എല്ലാവര്‍ഷവും ശബരിമലയിലെത്തുന്നവരാണ്. രണ്ടുതലമുറ മുമ്പേ തമിഴ്‌നാട്ടില്‍ നിന്ന് മലേഷ്യയിലേക്കു കുടിയേറിവരുടെ പിന്മുറക്കാരാണിവര്‍. ‘നിങ്ങളുടെ മാലിന്യം വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകു’ എന്നെഴുതിയ ബാനറുകളുമായി പച്ചനിറത്തിലുള്ള ജാക്കറ്റും അണിഞ്ഞ് സംഘമായാണ് മലേഷ്യന്‍ സ്വാമിമാര്‍ ബോധവല്‍ക്കരണം നടത്തുന്നത്.
മകരജ്യോതി ദര്‍ശനത്തിന് 25 മലേഷ്യന്‍ സ്വാമിമാരുടെ മറ്റൊരുസംഘമെത്തുമെന്നും അവരും അയ്യപ്പന്റെ പൂങ്കാവനത്തിലെ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേ ഭക്തര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുമെന്നും ശ്യാംകുമാര്‍ പറഞ്ഞു.