ജഗദീഷ് ഷെട്ടാറിനെ ആദരവോടെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ്; മന്ത്രിസഭയില്‍ ഇടം നല്കും

India

കര്‍ണാടക കത്ത് / ഡോ.കൈപ്പാറേടന്‍

മതേതരത്വ നിലപാടുകള്‍ക്ക് പണ്ടേ പേരുകേട്ട സംശുദ്ധനും എക്കാലത്തും പൂര്‍ണ്ണമായും വിവാദ രഹിതനുമായിരുന്ന ജഗദീഷ് ഷെട്ടാറിനെ കോണ്‍ഗ്രസ്സ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പായി. അഴിമതി രഹിതനും ധീരനുമായ രാഷ്ട്രീയക്കാരനെന്ന പ്രതിച്ഛായയുള്ള സംസ്ഥാനത്തെ പ്രമുഖ ലിംഗായത്ത് നേതാവാണ് ജഗദീഷ് ഷെട്ടാര്‍. ബി ജെ പി വിട്ട് കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ നിയമസഭാ സീറ്റില്‍ മത്സരിച്ചു പരാജപ്പെട്ടപ്പെട്ടെങ്കിലും ഈ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയെ അര്‍ഹിക്കുന്ന ആദരവുനല്‍കി പാര്‍ട്ടി അതിന്റെ നേതൃസ്ഥാനത്തേക്കു കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രിയും KPCC അദ്ധ്യക്ഷനുമായ DK ശിവകുമാര്‍ ഇന്ന് സൂചന നല്‍കി.

സംഘപരിവാറുമായുള്ള തന്റെ നാലു പതിറ്റാണ്ടുകളുടെ ബന്ധം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വിച്ഛേദിച്ച് ഈ ലിംഗായത്തു നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബി ജെ പിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയെങ്കിലും തന്റെ സ്വന്തം മണ്ഡലമായ ഹുബ്ലിധാര്‍വാഡ് സെന്‍ട്രല്‍ അസംബ്ലി സീറ്റ് പിടിച്ചെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ബി ജെ പിയിലെ മഹേഷ് തെങ്ങിനക്കൈയോട് 34,053 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്.

എന്നാല്‍ ഷെട്ടാറിനൊപ്പം ബി ജെ പി വിട്ട മറ്റൊരു പ്രമുഖ ലിംഗായത്ത് നേതാവ് ലക്ഷ്മണ്‍ സവാദി ബെല്‍ഗാമിലെ അത്താണിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മികച്ച വിജയം നേടിയിരുന്നു. സവാദിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്സ്. ലിംഗായത്ത് വോട്ടുകള്‍ ഒന്നോടെ കടപുഴക്കി തന്റെ പഴയ പാര്‍ട്ടിയെ അമ്പരപ്പിച്ച് കോണ്‍ഗ്രസ്സിന് അനായാസ വിജയം സമ്മാനിച്ച
ഷെട്ടാറിനെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭയിലെടുക്കാനാണ് നീക്കമെന്ന് ഉഗ യോട് അടുപ്പമുളള ചിലര്‍ സൂചന നല്‍കുന്നു.

മതേതരത്വ നിലപാടുകളുടെ പേരില്‍ ശ്രദ്ധേയനും സംശുദ്ധനുമായ ലിംഗായത്തു സമുദായത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയക്കാരില്‍ ഒരാളെന്ന നിലയില്‍ ഷെട്ടാറിന്റെ പ്രതിച്ഛായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. കര്‍ണ്ണാടകത്തിലെ ഓരോ തെരഞ്ഞെടുപ്പിലും ലിംഗായത്ത് വോട്ടുകള്‍ ഏറെ നിര്‍ണ്ണായകമാണ്.

വടക്കന്‍ കര്‍ണാടക ജില്ലകളില്‍ നിരവധി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്സിനെ സഹായിച്ചത് ലിംഗായത്ത് വോട്ടുകളാണെന്നതില്‍ സംശയമില്ല. ആ പിന്തുണ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷെട്ടാറിലൂടെ നിലനിര്‍ത്താനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. ലിംഗായത്ത് സമുദായത്തെ പിടിച്ചുനിര്‍ത്താന്‍ ഷെട്ടാറിനെപ്പോലുള്ള നേതാക്കള്‍ വലിയ മുതല്‍ക്കൂട്ടാകുമെന്ന് പാര്‍ട്ടി കരുതുന്നു.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കെതിരെ ധാര്‍വാഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഷെട്ടാറിനെ മത്സരിപ്പിക്കുക എന്നതാണ് പാര്‍ട്ടി മുന്നില്‍ കാണുന്ന ഒരു വഴി. പക്ഷേ അതിനു മാസങ്ങളുടെ തയ്യാറെടുപ്പു വേണമെന്നു കോണ്‍ഗ്രസ്സിനറിയാം. അതുകൊണ്ട് വൈകാതെ അദ്ദേഹത്തെ നിയമസഭാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ഉടനടി ചെയ്യുകയെന്ന് DK യുടെ മനസ്സറിയുന്നവര്‍ പറയുന്നു.

BJP വിട്ട ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഷെട്ടാര്‍ ശ്രമിച്ചില്ല. പകരം സംസ്ഥാനമെങ്ങും യാത്രചെയ്ത് ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസ്സിന് അനുകൂലമായി ഏകോപിപ്പിക്കാനാണ് ഈ മുന്‍ മുഖ്യമന്ത്രി മെനക്കെട്ടതത്രയും. തന്റെ മണ്ഡലം ഒരിക്കലും തന്നെ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഷെട്ടാര്‍. തന്നെ തോല്‍പ്പിക്കാന്‍ ബി ജെ പി പണം വാരിയെറിഞ്ഞെന്നും പരാജയം അപ്രതീക്ഷിതമായിരുന്നുവെന്നും ഷെട്ടാര്‍ പറഞ്ഞു.

അവിടെ ആറ് തെരഞ്ഞെടുപ്പുകളില്‍ താന്‍ മല്‍സരിച്ചതാണ്. ഒരിക്കലും വോട്ടിനായി പണം വിതരണം ചെയ്തിട്ടില്ല. ഇത്തവണ ബി ജെ പി സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ 500, 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്തതിന് ആയിരക്കണക്കിനു തെളിവുകളുണ്ടെന്ന് ഷെട്ടാര്‍ ഞായറാഴ്ച ഹുബ്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മരണംവരെ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇനിയൊരിക്കലും ബി ജെ പിയിലേക്ക് മടങ്ങാനില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.