മദ്ധ്യപ്രദേശില്‍ സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്സ്; ‘പ്രിയദര്‍ശിനി വചന പത്ര’ 12ന് പ്രിയങ്ക ഗാന്ധി ജബല്‍പൂരില്‍ റിലീസ് ചെയ്യും

Analysis

മധ്യപ്രദേശ് കത്ത് / ഡോ.കൈപ്പാറേടന്‍

പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജൂണ്‍ 12 നു മദ്ധ്യപ്രദേശില്‍ പ്രചാരണം ആരംഭിക്കും. മധ്യപ്രദേശ് തിരിച്ചു പിടിക്കാന്‍ പുതിയൊരു രാഷ്ട്രീയ ശൈലിക്കു തുടക്കമിടുകയാണ് പ്രിയങ്കാഗാന്ധി. സംസ്ഥാനത്ത്‌കോണ്‍ഗ്രസ്സ് പാര്‍ട്ടി തികച്ചും വ്യത്യസ്ഥമായ ശൈലിയിലാവും ജനങ്ങളെ സമീപിക്കുകയെന്ന് പ്രിയങ്കാഗാന്ധി ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.

ഹൈന്ദവ ആചാര പ്രകാരം നര്‍മ്മദാനദിയില്‍ ആരതിയുഴിഞ്ഞ ശേഷമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജബല്‍പൂരില്‍ നടക്കുന്ന രണ്ടു ലക്ഷം പേരുടെ റാലിയില്‍ പങ്കെടുക. റാലിയ്ക്കിടെ ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ്മകളുണര്‍ത്തുന്ന ‘പ്രിയദര്‍ശിനി വചന പത്ര’ പ്രിയങ്കാഗാന്ധി മദ്ധ്യപ്രദേശിലെ സ്ത്രീകള്‍ക്കു സമര്‍പ്പിക്കും. പ്രിയങ്കയുടെ രംഗപ്രവേശത്തോടെ സംസ്ഥാനത്ത് വന്‍മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പൊതുവെ പ്രതീക്ഷിക്കുന്നത്.

അന്നേ ദിവസം പ്രിയങ്കാഗാന്ധി ജബല്‍പൂരില്‍ ഉദ്ഘാടനം ചെയ്യുന്ന വിജയ് 2023 പ്രചാരണ്‍ ഇതിന്റെ സൂചനകളാണ് നല്‍കുന്നത്. ഒരു ലക്ഷം വനിതകളെ അണിനിരത്തിയുള്ള രണ്ടു ലക്ഷം പേരുടെ പടുകൂറ്റന്‍ റാലിയാണ് കോണ്‍ഗ്രസ്സ് ജബല്‍പൂരില്‍ ലക്ഷ്യമിടുന്നത്. പല സാമൂഹ്യ വിഷയങ്ങളിലും BJP മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ പരസ്യമായി പുലര്‍ത്തിയിട്ടുള്ള സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കും സംസ്ഥാനത്തു വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഢന സംഭവങ്ങളില്‍ പോലീസിനുണ്ടായ നടുക്കുന്ന വീഴ്ചകള്‍ക്കുമെതിരെ തുറന്ന പോരാട്ടം നടത്തിക്കൊണ്ടാവും പ്രിയങ്ക പ്രചാരണം നയിക്കുക.

ഒരു മതത്തിന്റെയും വ്യക്താക്കള്‍ ആവാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുകയും അതേ സമയം ഹിന്ദുത്വത്തിന്റെ കുത്തക ഒരു കാരണവശാലും BJPക്കു മാത്രമായി വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തു കൊണ്ടാവണം കോണ്‍ഗ്രസ്സ് ഇനി ജനങ്ങളെ സമീപിക്കേണ്ടത് എന്ന പച്ചയായ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം പ്രിയങ്ക നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്.

വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ഇടപെടലും സമീപനവും മുന്‍കാല ‘കോണ്‍ഗ്രസിന്റേ’തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചതിനു പിന്നില്‍ ഈ തിരിച്ചറിവാണെന്നതില്‍ സംശയമില്ല. രാഹുലില്‍ നിന്നും സോണിയയില്‍ നിന്നും പ്രിയങ്കയെ വ്യത്യസ്ഥയാക്കുന്നത് ഈ വേറിട്ട സമീപനമാണ്.

ഇന്ദിരാഗാന്ധിയെ ഏറെ സ്‌നേഹിക്കുന്ന മദ്ധ്യപ്രദേശിലെ ജനങ്ങള്‍ക്കിടയില്‍ ഇന്ദിരയുടെ ഓര്‍മ്മപുതുക്കാന്‍ പ്രിയങ്കാഗാന്ധി 12 ന് ജബല്‍പൂരില്‍ ‘പ്രിയദര്‍ശിനി വചന പത്ര’ പുറത്തിറക്കുന്നുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒരു സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ബിജെപിയുടെ പൊതുനയത്തിനു വിരുദ്ധമായി NREG ഉള്‍പ്പടെയുള്ള സ്ത്രീപക്ഷപദ്ധതികള്‍ ശക്തിപ്പെടുത്തുമെന്നും സ്ത്രീകള്‍ക്ക് കൂടുതല്‍ കരുതലും സര്‍ക്കാര്‍ ജോലികളും സുരക്ഷയും സാമ്പത്തിക സേവനങ്ങളും നല്‍കുമെന്നുമുള്ള സന്ദേശം നല്‍കാനുമാവും പ്രിയങ്ക ശ്രമിക്കുക.

കേരളത്തിലെ മൊത്തം വോട്ടര്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ് മദ്ധ്യപ്രദേശിലുള്ളത്. രണ്ടു കോടി അറുപത്തിരണ്ടു ലക്ഷം സ്ത്രീ വോട്ടര്‍മാരാണിവിടെയുള്ളത്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള 16 മണ്ഡലങ്ങള്‍ MP യിലുണ്ട്. ഇതു മുന്നില്‍ കണ്ട് കോണ്‍ഗ്രസിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനാണ് പ്രിയങ്കയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ്സ് കരുനീക്കുന്നത്.

ഇന്ദിരയുടെയും രാജീവിന്റെയും ധീരരക്തസാക്ഷിത്വത്തിന്റെ രാഷ്ട്രീയ സ്മരണകളുണര്‍ത്തി സ്ത്രീകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള സൂഷ്മമായ പ്രചാരണത്തിനാണ് പ്രിയങ്ക പദ്ധതിയിടുന്നതന്നു മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.