കെ എന്‍ എം ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഫലസ്തീന്‍ അംബാസിഡറെ സന്ദര്‍ശിച്ചു

India

ന്യൂദല്‍ഹി: കെ എന്‍ എം ഉപാദ്ധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഫലസ്തീന്‍ അംബാസിഡറെ സന്ദര്‍ശിച്ചു. ഇസ്രയേലിന്റെ കൊടും ക്രൂരതയാല്‍ നരകിക്കുന്ന ഫലസ്തീന്‍ ജനതയുടെ നിലവിലെ അവസ്ഥകള്‍ ചര്‍ച്ച ചെയ്തു. പശ്ചിമേഷ്യയില്‍ സമാധാനം പുലരാന്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാവണമെന്ന് അദ്ദേഹം പറഞ്ഞു.

ഫലസ്തീനിലെ മുസ്‌ലിംകളും ക്രിസ്ത്യാനികളും തൗറാത്തീ യഹൂദരും ഇന്നും വളരെ സൗഹാര്‍ദ്ദത്തിലാണ് ജീവിക്കുന്നതെന്ന് അംബാസിഡര്‍ പറഞ്ഞു. നീണ്ട ഏഴ് പതിറ്റാണ്ട് കാലമായി ജന്മനാട്ടില്‍ ജീവിക്കാനും അധിനിവേശത്ത ചെറുക്കാനും വേണ്ടി പോരാടുന്നവര്‍ സ്വാതന്ത്ര്യ സമര പോരാളികള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശത്തെ ചെറുക്കുകയും രക്തസാക്ഷികളാവുകയും ചെയ്യുന്ന ഹതഭാഗ്യര്‍ക്ക് വേണ്ടി ഹുസൈന്‍ മടവൂര്‍ പ്രാര്‍ത്ഥന നടത്തി. ഇന്ത്യ ഗാന്ധിജിയുടെ കാലം മുതല്‍ ഫലസ്തീനികളോടൊപ്പമാണെന്നും ഇന്ത്യന്‍ ജനത എന്നും ആ പാരമ്പര്യം തുടര്‍ന്ന് പോന്നിട്ടുണ്ടെന്നും അവര്‍ അനുസ്മരിച്ചു.

ഫലസ്തീന്‍ രാഷ്ട്രത്തെ വളരെ നേരത്തെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. യാസിര്‍ അറഫാത്തിന് ഫലസ്തീന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഗംഭീര വരവേല്‍പ്പ് നല്‍കുകയുണ്ടായി. ഡല്‍ഹിയില്‍ ഫലസ്തീന്‍ രാഷ്ട്രത്തിന് മനോഹരമായ എംബസിയും ഇന്ത്യ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

പശ്ചിമേഷ്യന്‍ കാര്യങ്ങളില്‍ ഇന്ത്യയുടെ ശബ്ദമായിരുന്ന കേന്ദ്ര മന്ത്രി ഇ. അഹമ്മദിന്റെ പിന്തുണയും സഹായവും വളരെ വലുതാണെന്ന് അംബാസിഡര്‍ പറഞ്ഞു. ഡല്‍ഹി ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്‍ ഹലീം, അഫ്‌സല്‍ യൂസുഫ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.