ഇനി ‘സീറോ വേസ്റ്റ്’ ക്യാമ്പസുകള്‍; പ്രഖ്യാപനം പരിസ്ഥിതി ദിനത്തില്‍

Kerala

തിരുവനന്തപുരം: പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെ സര്‍വകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും ‘സീറോ വേസ്റ്റ്’ ക്യാമ്പസുകളായി പ്രഖ്യാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. അന്നുതന്നെ 1000 കലാലയ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജൂണ്‍ അഞ്ചിന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ‘സീറോ വേസ്റ്റ്’ ക്യാമ്പസ് പ്രഖ്യാപനം നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുക്കും.

എന്‍ സി സി, എന്‍ എസ് എസ് കോളജുകളിലെ മറ്റു ക്ലബ്ബുകള്‍ എന്നിവയെ ഏകോപിപ്പിച്ചാണ് ‘സീറോ വേസ്റ്റ്’ സമ്പൂര്‍ണ്ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റ് മുതല്‍ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയര്‍ വരെയുള്ള ഭാഗത്തെ ശുചീകരണപ്രവര്‍ത്തനമാണ് ‘സീറോ വേസ്റ്റ്’ ക്യാമ്പസ് പ്രചാരണഭാഗമായി കലാലയ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഏറ്റെടുക്കും.

വേസ്റ്റ് ഫ്രീ ക്യാമ്പസ് പദ്ധതിയെക്കുറിച്ച് അവബോധമുണര്‍ത്താന്‍ വാര്‍ മെമ്മോറിയല്‍ രക്തസാക്ഷി മണ്ഡപം ചത്വരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കി സൂക്ഷിക്കുന്ന സ്ഥിരം ചുമതല എന്‍ സി സി നിര്‍വ്വഹിക്കും. മാനവീയം വീഥിയും അയ്യങ്കാളി ചത്വരവും പ്ലാസ്റ്റിക് വിമുക്തമാക്കി സൂക്ഷിക്കുന്ന സ്ഥിരം ചുമതല എന്‍ എസ് എസ് ഏറ്റെടുക്കും.

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായാണ് കലാലയങ്ങള്‍ ശുചീകരണ സംരംഭത്തില്‍ ഭാഗമാകുന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, സര്‍വ്വകലാശാല രജിസ്ട്രാര്‍മാര്‍, കോളജ് പ്രിന്‍സിപ്പാള്‍മാര്‍, വകുപ്പുതല കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത് വിളിച്ചുചേര്‍ത്ത യോഗം, ഇതിനുള്ള വിപുലമായ പദ്ധതിക്കു രൂപം നല്‍കി.

ക്യാമ്പസുകളില്‍ സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കണമെന്നതാണ് പ്രധാനമായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അധ്യാപകഅനധ്യാപകവിദ്യാര്‍ത്ഥി പങ്കാളിത്തത്തില്‍ ക്യാമ്പസുകളില്‍ നിന്ന് മാലിന്യം സമ്പൂര്‍ണമായി നീക്കം ചെയ്തുവെന്ന് ഉറപ്പാക്കും. പൊതുജനങ്ങളില്‍ അവബോധമുണര്‍ത്താന്‍ വേണ്ട വിദ്യാഭ്യാസ പരിപാടികള്‍ക്ക് വിദ്യാര്‍ഥികളെ സന്നദ്ധരാക്കും. തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ അംബാസഡര്‍മാരായി ക്യാമ്പയിനുമായി സഹകരിക്കാന്‍ കലാലയ തലങ്ങളില്‍ നടപടികളായി.

മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ട്അപ്പ് തുടങ്ങാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കും. ലാബുകളിലെ രാസമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംവിധാനമൊരുക്കും. കോളജുകളില്‍ നാപ്പ്കിന്‍ വെന്‍ഡിങ് മെഷീനുകളും ഇന്‍സിനറേറ്ററും സ്ഥാപിക്കാന്‍ വേണ്ട നടപടികളെടുക്കും. എന്‍ സി സി, എന്‍ എസ് എസ്, കോളജിലെ മറ്റു ക്ലബ്ബുകള്‍, കോളജ് യൂണിയന്‍, പിടിഎ എന്നിവയുടെ ഭാരവാഹികളെയും അധ്യാപകഅനധ്യാപക പ്രതിനിധികളെയും ഉള്‍പ്പെടുത്തി പ്രിന്‍സിപ്പാള്‍മാര്‍ വിളിച്ച യോഗങ്ങളില്‍ പദ്ധതി നടത്തിപ്പിനുള്ള ആസൂത്രണം പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.