തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് അപര്യാപ്തം: ഐ എന്‍ ടി യു സി

Wayanad

കല്പറ്റ: കൂലി വര്‍ധന നടപ്പാക്കാത്ത സര്‍ക്കാര്‍ മാനേജ്‌മെന്റ് നയങ്ങളില്‍ പ്രതിഷേധിച്ച് സമരങ്ങള്‍ നടന്നിട്ടും പി എല്‍ സി യോഗത്തില്‍ നാമമാത്രമായ കൂലി വര്‍ധനവു മാത്രം നടപ്പാക്കി തോട്ടം മുതലാളിമാര്‍ക്കും മാനേജ്‌മെന്റുകള്‍ക്കും തൊഴിലാളികളെ അടിയറ വയ്ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഐ എന്‍ ടി യു സി കുറ്റപ്പെടുത്തി.

സി ഐ ടി യുവും എ ഐ ടി യു സിയും പി എല്‍ സി തീരുമാനത്തിനെതിരെ പ്രതിഷേധിക്കാന്‍ പോലും തയ്യാറായില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച 600 രൂപ കൂലി ആവശ്യപ്പെട്ടുകൊണ്ട് നാമമാത്രമായ വര്‍ധനവിനെതിരെ ഐ എന്‍ ടി യു സി, എസ് ടി യു ഉള്‍പ്പെടെയുള്ള വിവിധ വിവിധ തൊഴിലാളി സംഘടനകള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടും 41 രൂപ മാത്രം വര്‍ദ്ധിപ്പിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സി ഐ ടി യുവും എ ഐ ടി യു സിയും കൈക്കൊണ്ടത്. കൂലി വര്‍ദ്ധിപ്പിക്കാനുള്ള കാലാവധി കഴിഞ്ഞിട്ട് 17 മാസമായി. എന്നാല്‍ നാലുമാസത്തെ മുന്‍കാല പ്രാബല്യം മാത്രമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റും പി എല്‍ സി മെമ്പറുമായ പി പി ആലി, പി ജെ ജോയ് എക്‌സ് എം എല്‍ എ, എ കെ മണി എക്‌സ് എം എല്‍ എ തുടങ്ങിയവര്‍ തൊഴിലാളികളെ അവഗണിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്ന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ജീവിത സൂചികയും ജീവിത നിലവാരവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഈ 41 രൂപ വര്‍ദ്ധനവ് കൂടെ ചേര്‍ത്താല്‍ പോലും 470 രൂപയോളം മാത്രം ലഭിക്കുന്ന കൂലി ജീവിത ചെലവ് കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ അപര്യാപ്തമാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച 600 രൂപ കൂലി നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച 600 രൂപ കൂലി നല്‍കാന്‍ തോട്ടം മാനേജ്‌മെന്റുകള്‍ക്ക് പ്രയാസം നേരിടുന്ന സാഹചര്യമുണ്ടായാല്‍ കയര്‍, കൈത്തറി മേഖലകളില്‍ സര്‍ക്കാര്‍ ചെയ്യുന്നതുപോലെ സപ്പോര്‍ട്ട് വേജസ് നല്‍കിക്കൊണ്ട് തോട്ടം തൊഴിലാളികള്‍ക്കും 600 രൂപ വേതനത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് പി എല്‍ സി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഐ എന്‍ ടി യു സി വയനാട് ജില്ലാ പ്രസിഡന്റും പി എല്‍ സി മെമ്പറുമായ പി പി ആലി ആവശ്യപ്പെട്ടു.