ഏറ്റുമാനൂര്‍: അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. നിലവില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് മണി വരെ മാത്രമേ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നുള്ളു.
അതിരമ്പുഴ, മാന്നാനം, കൈപ്പുഴ, നീണ്ടൂര്, മണ്ണാര്‍കുന്നാല്‍, ആനമല, കാണക്കാരി, ഏറ്റുമാനൂര്‍, ചെറുവാണ്ടൂര്‍, നാല്പത്തിമല തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് ജനങ്ങളാണ് ഇവിടെ ദിനേന ചികിത്സ തേടിയെത്തുന്നത്. രാത്രികാലങ്ങളില്‍ അസുഖമായാല്‍ പ്രദേശത്തുള്ളവര്‍ക്ക് ചികിത്സ തേടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ചെറിയ അസുഖങ്ങള്‍ക്ക് പോലും രാത്രികാലങ്ങളില്‍ മെഡിക്കല്‍ കോളജില്‍ പോയി ചികിത്സ തേടേണ്ട സാഹചര്യമാണ്. മഴക്കാലം തുടങ്ങുന്നതോടെ പനിയും മറ്റ് അസുഖങ്ങളും കൂടുതലാകാനുള്ള സാഹചര്യമുണ്ട്. ഇത് കണക്കിലെടുത്ത് സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.