ഹജ്ജ് ക്യാംപ്; തീര്‍ത്ഥാടനം അവനവനിലേക്കുള്ള യാത്രകളാവണം: മുഖ്യമന്ത്രി

Kannur

കണ്ണൂര്‍: അവനവന്റെ ഉള്ളിലേക്കുള്ള യാത്രകളായി ഹജ്ജ് തീര്‍ത്ഥാടനത്തെ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹജ്ജ് ക്യാംപിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അവനവനിലേക്കുള്ള യാത്രയാകണം ഓരോ തീര്‍ത്ഥാടനവും. എങ്കിലേ ആത്മവിമര്‍ശനവും മാനസികാവബോധത്തിന്റെ ഉയര്‍ച്ചയും സാധ്യമാവു. അതിനുള്ള ഉപാധിയായി തീര്‍ത്ഥാടനങ്ങളെ മാറ്റിതീര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹജ്ജ് തീര്‍ത്ഥാടനം കണ്ണൂര്‍ വിമാനത്താവളത്തിന്റെ പുരോഗതിക്ക് മുതല്‍ക്കൂട്ടാവും. വടക്കെ മലബാറിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ വിമാനത്താവളമാണ് കണ്ണൂര്‍. ആദ്യഘട്ടമാണിത്. വരും വര്‍ഷങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂടും. അതിനനുസരിച്ച് സൗകര്യങ്ങളും വര്‍ദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്കുള്ള ബോര്‍ഡിംഗ് പാസ് വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തീര്‍ത്ഥാടകനായ ഇരിട്ടി സ്വദേശി കെ പി മുസ്തഫ ആദ്യ ബോര്‍ഡിംഗ് പാസ് ഏറ്റുവാങ്ങി.

സ്പീക്കര്‍ എ എം ഷംസീര്‍ അധ്യക്ഷനായിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായി. എം പി മാരായ കെ സുധാകരന്‍, ഡോ വി ശിവദാസന്‍, പി സന്തോഷ് കുമാര്‍, എം എല്‍ എമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, മുഹമ്മദ് മുഹ്‌സിന്‍, അഡ്വ പി ടി എ റഹീം, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ ശംസുദ്ദീന്‍ പാലക്കോട്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, എം അഹമ്മദ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൗസി, ഹജ്ജ് കമ്മിറ്റി എക്‌സിക്യുട്ടീവ് ഓഫിസര്‍ പി എം ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.