പരിസ്ഥിതി ദിനത്തില്‍ ‘കാടറിഞ്ഞ് വിത്തെറിഞ്ഞ്’ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ യു പി സ്‌കൂള്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: പരിസ്ഥിതി ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ യു പി സ്‌കൂള്‍. സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയത്. തോട്ടാമൂല ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ കുട്ടികള്‍ വിവിധയിടങ്ങളില്‍ നിന്നും ശേഖരിച്ച ഫല വൃക്ഷങ്ങളുടെ വിത്തുകള്‍ നട്ടു.

വനത്തെ തൊട്ടറിഞ്ഞു നടത്തിയ ഈ പ്രവര്‍ത്തനം നവ്യാനുഭവമായി. കുട്ടികള്‍ക്ക് പിന്തുണയുമായി തോട്ടാമൂല ഫോറസ്റ്റ് സ്‌റ്റേഷനിലേ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ എസ് രാജന്റെ നേതൃത്വത്തിലുള്ള ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. സ്‌കൂളിലെ പരിസ്ഥിതി ദിന പ്രവര്‍ത്തനങ്ങള്‍ വൃക്ഷ തൈ നാട്ടുകൊണ്ട് റവ. ഫാദര്‍ തോമസ് ഞള്ളമ്പുഴ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. അണുവിമുക്തമാക്കിയ മാസ്‌കുകളില്‍ വിത്തുകള്‍ പാകിയും വിദ്യാലയ വളപ്പില്‍ കറിവേപ്പിന്‍ തൈകള്‍ നട്ടും കുഞ്ഞി കൈകള്‍ കൊണ്ടു വര്‍ണ്ണങ്ങള്‍ ചാലിച്ചു പാം ട്രീ നിര്‍മിച്ചും കുട്ടികള്‍ പരിസ്ഥിതി ദിനം അവിസ്മരണീയമാക്കി. ജൈവവൈവിദ്ധ്യ പതിപ്പ് നിര്‍മ്മാണവും പരിസ്ഥിതി ക്വിസും ശ്രദ്ധേയമായി. അധ്യാപകരായ അനു പി സണ്ണി, ടിന്റു മാത്യു, ജിന്‍സി ജോണ്‍, അബ്ദുള്‍ ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.