മുട്ടില്‍: കൊളവയല്‍ അറവുമാലിന്യ പ്ലാന്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്ന പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ സമരസമിതി ഉപരോധിച്ചു. മാലിന്യ പ്ലാന്റ് പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്ലാന്റ് അടച്ച് പൂട്ടണമെന്നാണ് സമരസമിതിയുടെ ആവശ്യം.
എന്നാല്‍ ജനങ്ങള്‍ക്കും പ്രകൃതിക്കും ദോഷം വിതയ്ക്കുന്ന അറവുമാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നല്‍കുന്ന കാര്യത്തില്‍ മെല്ലപ്പോക്ക് നയമാണ് മുട്ടില്‍ പഞ്ചായത്ത് സ്വീകരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ താത്പര്യമാണ് പഞ്ചായത്തിന്റെ മെല്ലപ്പോക്കിന് കാരണമെന്നാണ് സമരസമിതി ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് സമരസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പഞ്ചായത്തിലെത്തിയത്. ഈ സമയം പഞ്ചായത്തിലുണ്ടായിരുന്ന അസിസ്റ്റന്റ് സെക്രട്ടറിയെ രണ്ടുമണിക്കൂറോളം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തുടര്‍ന്ന് കല്പറ്റയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി.
സമരക്കാരും പഞ്ചായത്തുമായി നടന്ന ചര്‍ച്ചയില്‍ നാളെ പഞ്ചായത്തിന്റെ അടിയന്തിര യോഗം ചേരുന്നുണ്ടെന്നും ഈ യോഗത്തില്‍ തീരുമാനം എടുക്കാമെന്നും രേഖാമൂലം എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. നാളെ നടക്കുന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തിലും തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ട് പോകാനാണ് ശ്രമമെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് സമരസമിതി അറിയിച്ചു.
കൊളവയല്‍ അറവുമാലിന്യ പ്ലാന്റിനെതിരെ കഴിഞ്ഞ 43 ദിവസമായി സമരം നടക്കുന്നുണ്ട്. പ്രദേശത്തെ ജനങ്ങള്‍ ഒന്നാകെ സമരത്തിലാണ്. മാലിന്യ പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം ജനജീവിതം ദുസ്സഹമായതോടെയാണ് സമരം തുടങ്ങിയത്. പ്ലാന്റിന്റെ പ്രവര്‍ത്തനം സമീപത്തെ ജലസ്രോതസ്സുകളെയും ദോശകരമായി ബാധിച്ചിട്ടുണ്ട്.