നാലുകോടിയുടെ വികസന പദ്ധതി: പുതുമോടിയോടെ അത്തോളി സഹകരണ ആശുപത്രി; ഉദ്ഘാടനം ജൂണ്‍ എട്ടിന്

Kozhikode

അത്തോളി: സഹകരണ ആശുപത്രിയുടെ 50 കിടക്കകളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ എട്ടിന് 2.30ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ആധുനിക ഫാര്‍മസി, ഹെല്‍ത്ത് കെയര്‍ സ്‌കീം, ഹോം കെയര്‍ എന്നിവയാണ് പുതുതായി ആരംഭിക്കുന്നത്. ചടങ്ങില്‍ എം എല്‍ എമാരായ കെ എം സച്ചിന്‍ ദേവ് അധ്യക്ഷത വഹിക്കും. നവീകരിച്ച കാഷ്യാലിറ്റി ഉദ്ഘാടനം ജമീല കാനത്തില്‍ എം എല്‍ എയും നവീകരിച്ച ഫാര്‍മസി ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബും നിര്‍വ്വഹിക്കും. സോഫ്റ്റ് വെയര്‍ ഡിജിറ്റല്‍ കാര്‍ഡ് വിതരണം അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രനും വെബ് സൈറ്റ് ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജിതയും ഉദ്ഘാടനം ചെയ്യും. ഹെല്‍ത്ത് കെയര്‍ പദ്ധതി ഷെയര്‍ സമാഹരണവും വിതരണവും കോഴിക്കോട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ബി സുധ നിര്‍വ്വഹിക്കും.

കെ ഡി സി എച്ച് ചെയര്‍മാന്‍ പ്രൊഫ. പി ടി അബ്ദുല്‍ ലത്തീഫ് ഫോട്ടോ അനാഛാദനം ചെയ്യും. ഉപഹാരം ഏറ്റുവാങ്ങല്‍ അനാര്‍ക്ക് ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് ടി കെ മുഹമ്മദ് ലെയിസ്. അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌സന്ദീപ് നാലു പുരയ്ക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം സിന്ദു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ കാപ്പില്‍, ഒള്ളൂര്‍ ദാസന്‍, സുധീഷ്, എം രജിത, ടി കെ വിജയന്‍, കോമള തോട്ടോളി, മുഹമ്മദ് ഇയ്യാംകണ്ടി, എ കെ രാജര്‍, കെ മുരളീധരന്‍, കൊല്ലോത്ത് ഗോപാലന്‍, കെ എം ബാലന്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ അത്തോളി സഹകരണ ആശുപത്രി സെക്രട്ടറി എം കെ സാദിഖ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രസിഡന്റ് കെ കെ ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് എന്‍ കെ രാധാകൃഷ്ണന്‍ നന്ദിയും പറയും.

നാല് കോടി രൂപയുടെ വികസന പദ്ധതികളാണ് ആശുപത്രിയില്‍ നടപ്പിലാക്കിയതെന്ന് ആശുപത്രി പ്രസിഡന്റ് കെ കെ ബാബു പറഞ്ഞു. ഓഹരിയില്‍ പങ്കാളിത്വമുള്ളവര്‍ക്ക് ചികിത്സാ ആനുകൂല്യം ലഭിക്കുന്ന എ സി എച്ച് ഹെല്‍ത്ത് കെയര്‍ പദ്ധതി ഇതിനകം ആരംഭിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ എന്‍ കെ രാധാകൃഷ്ണന്‍, സി പ്രകാശന്‍, എം കെ സാദിഖ്, പി എം ഷാജി, എം നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.