കോഴിക്കോട്: മലബാറുകരുടെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബായ ഗോകുലം കേരളക്ക് ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം തുടര്‍ന്ന് നല്‍കില്ലെന്ന കോഴിക്കോട് കോര്‍പ്പറേഷന്റെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് നൈനാംവളപ്പ് ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍(എന്‍ഫ) പ്രസിഡന്റ് സുബൈര്‍ നൈനാംവളപ്പ് ആവശ്യപ്പെട്ടു. കോഴിക്കോടിന്റെ ഫുട്‌ബോള്‍ പെരുമക്കൊത്ത ടൂര്‍ണമെന്റുകളോ മത്സരങ്ങളോ നടക്കാത്ത സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഗോകുലം കേരളയുടെ ഐ ലീഗ് മത്സരങ്ങള്‍ കോഴിക്കോട്ടെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വലിയ ആശ്വാസമാണ്. ഗോകുലം ക്ലബ്ബിന്റെ നേട്ടങ്ങളും അഭിമാനത്തോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ കാണുന്നത്. കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച് ക്ലബ്ബിന് തുടര്‍ന്നും കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം ഹോം ഗ്രൗണ്ടായി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കണമെന്ന് എന്‍ഫ പ്രസിഡന്റ് ആവശ്യപ്പെട്ടു.