കെ വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തി: കെ എസ് യു

Kerala

കോഴിക്കോട്: വ്യാജരേഖാക്കേസ് പ്രതി കെ വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന് കെ എസ് യു. 2018 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ കാലടി സംസ്‌കൃത സര്‍വകലാശാല സെന്ററില്‍ വിദ്യ എംഫില്‍ ചെയ്തിരുന്നു. അതേ കാലയളവില്‍ തന്നെ 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ കാലടി ശ്രീശങ്കര കോളേജില്‍ മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് ഗസ്റ്റ്‌ലക്ചററായി ജോലിയും ചെയ്തു. യൂണിവേഴ്‌സിറ്റിയുടെ നിയമങ്ങള്‍ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാര്‍ത്ഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപികയായും വിദ്യ പ്രവര്‍ത്തിച്ചു. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫെലോഷിപ്പും കോളേജില്‍ നിന്ന് ശമ്പളവും ഒരേ സമയം കൈപ്പറ്റി. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യ എസ് എഫ് ഐക്കാരി ആയിരിക്കുമ്പോള്‍ അല്ല ഇത്തരം തട്ടിപ്പുകള്‍ കാണിച്ചതെന്നാണ് സി പി എം നേതാക്കളും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയും ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ എസ് എഫ് ഐ കാരിയായും എസ് എഫ് ഐയുടെ കാലടി സംസ്‌കൃത സര്‍വകലാശാല സെന്ററില്‍ അതോടൊപ്പം തന്നെ ശങ്കരാ കോളജിലെ അധ്യാപികയായും ഒരേസമയം വിദ്യ പ്രവര്‍ത്തിച്ചു എന്നതാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. എസ്എഫ്‌ഐയുടെ യുയുസി ആയതുകൊണ്ട് തന്നെ 2019 നവംബര്‍ 25ന് സംസ്ഥാന സംസ്‌കൃത സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത് വരെ അധ്യാപികയായി വിദ്യ തുടരുകയും ചെയ്തു. അങ്ങനെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന 2019-20 കാലഘട്ടത്തില്‍ തന്നെയാണ് പിന്‍വാതില്‍ വഴി പിഎച്ച്ഡി പ്രവേശനം നേടിയതും അവിടെയും തട്ടിപ്പും സംവരണ അട്ടിമറിയും ഉന്നത സ്വാധീനവും എല്ലാം വിദ്യ കൈമുതലാക്കി പ്രവര്‍ത്തിച്ചത്. വിദ്യ തനിച്ച് ഈ തട്ടിപ്പ് നടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും ആര്‍ഷോ ഉള്‍പ്പെടെയുള്ള എസ് എഫ് ഐ നേതാക്കള്‍ക്ക് കൃത്യമായ പങ്കുണ്ടെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

വിദ്യയുടെ പി എച്ച് ഡി പ്രവേശനത്തിനായി മന്ത്രി പി. രാജീവും ഇടപെട്ടിട്ടുണ്ട്. മന്ത്രിയാകും മുന്നേ നടന്ന ഇടപെടല്‍ ആരോപണം ശരിയോ തെറ്റോയെന്ന് അദ്ദേഹം തെളിയിക്കട്ടെയെന്നും ഷമ്മാസ് പറഞ്ഞു. മൂന്നുവര്‍ഷം അധ്യാപന പരിചയം നിര്‍ബന്ധമെന്ന മാനദണ്ഡമുള്ള കണ്ണൂര്‍ സര്‍വ്വകലാശാല വാല്യുവേഷന്‍ ക്യാമ്പില്‍ വിദ്യ എങ്ങനെ പങ്കെടുത്തു എന്നത് സംബന്ധിച്ചും കൃത്യമായ അന്വേഷണം വേണം. അവിടെയും ഇത്തരത്തില്‍ ഏതെങ്കിലും വ്യാജ രേഖ സമര്‍പ്പിച്ചിട്ടാണോ എന്നതും ഉന്നത സ്വാധീനത്തിലാണോ ആ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത് എന്നതും സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്. വ്യാജരേഖ കേസ് ഉള്‍പ്പെടെ വിദ്യ നടത്തിയ തട്ടിപ്പില്‍ പൊലീസ് അന്വേഷണത്തില്‍ തൃപതരല്ലന്നും ജൂഡീഷ്യല്‍ അന്വേഷണം നടത്തണമന്നും ഷമ്മാസ് ആവശ്യപ്പെട്ടു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മണ്ഡലത്തിന് പുഴുക്കുത്ത് വീഴ്ത്തി നശിപ്പിക്കാന്‍ പ്രയത്‌നിക്കുന്ന പുഴുക്കളായി എസ് എഫ് ഐ നേതാക്കള്‍ മാറിയെന്നും കൂട്ടിചേര്‍ത്തൂ. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സനൂജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.