ആവശ്യങ്ങള്‍ നേടാന്‍ കരഞ്ഞുകൊണ്ടേയിരിക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

Kerala

കോഴിക്കോട്: കരഞ്ഞുകൊണ്ടിരുന്നാലേ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുകയുള്ളൂവെന്ന അവസ്ഥയാണ് കേരളത്തിലെന്ന് പാണക്കാട് സാദിഖലി ശിഹബ് തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന നേതൃസംഗമം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയുന്ന കുട്ടിക്ക് പാല്‍ എന്നതാണ് നാം നേരത്തെ കേട്ടത്. എന്നാല്‍ കരഞ്ഞുകൊണ്ടേയിരിക്കുന്നവര്‍ക്കേ എന്തെങ്കിലുമൊക്കെ കിട്ടുവെന്ന അവസ്ഥയാണ് സംസ്ഥാനതെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി.

ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. കേരളത്തിലെ സര്‍വ്വകലാശാലകളുടെ വിശ്വാസം നഷ്ടപ്പെട്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും തയ്യാറാകണം. തങ്ങള്‍ ആവശ്യപ്പെട്ടു. മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വിദ്യാഭ്യാസ സമിതി അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മലബാര്‍ മേഖലയില്‍ അരലക്ഷത്തോളം സീറ്റുകളുടെ കുറവുണ്ടെന്നാണ് കണക്ക്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ച് പ്രതിസനന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യതനേടിയത്. എന്നാല്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് ജില്ലയില്‍ മതിയായ സൗകര്യം ഇല്ലെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്. സര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിഞ്ഞു, പ്രശ്‌ന പരിഹാരത്തിന് സത്വര നടപടികള്‍ സ്വീകരിക്കണം.

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടി ആവശ്യപെട്ട് സമാനമനസ്‌കരായ സംഘടനകളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി മുന്നറിയിപ്പ് നല്‍കി. വൈസ് ചെയര്‍മാന്‍ കെ പി മുഹമ്മദലി അധ്യക്ഷതവഹിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മുസ്തഫ മുണ്ടുപാറ, സുബൈര്‍ നെല്ലിക്കാപറമ്പ്, നടുക്കണ്ടി അബൂബക്കര്‍, നിസാര്‍ ഒളവണ്ണ, എ കെ മുഹമ്മദ് മുസ്തഫ, സി ടി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച് അഹമ്മദ് പുന്നക്കല്‍, ഡോ സയ്യിദ് മുഹമ്മദ് അല്‍ ഖാസിമി, സി മുഹമ്മദ് കുഞ്ഞി, പി എ ജബ്ബാര്‍ ഹാജി, ഹാരിസ് ബാഖവി, ദമീം മുട്ടകാവ്, പി എസ് ഇസ്മായില്‍, പി എ കരീം, പി പി മുഹമ്മദ് ഖാസിം, ഫാരൂഖ് ഉസ്മാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.