പാര്‍ട്ടിക്കും സര്‍ക്കാറിനുമെതിരെ നീങ്ങിയാല്‍ പൂട്ടും; പറയാതെ പറഞ്ഞ് സി പി എം

Kerala

തിരുവനന്തപുരം: പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ നീങ്ങിയാല്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിയുണ്ടാകുമെന്ന് പറയാതെ പറഞ്ഞ് സി പി എം. സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ കഴിഞ്ഞ കുറച്ച് കാലമായി വ്യാപക ആക്രമണമാണ് നടക്കുന്നത്. ഇതിനെതിരെയുള്ള പ്രതിരോധം ദുര്‍ബലമായതോടെയാണ് തിരിച്ചടിക്ക് സി പി എം തീരുമാനിച്ചത്.

നേരത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇതിന്റെ സൂചന നല്‍കിയിരുന്നു. ഏഷ്യാനെറ്റ് ചാനലുമായുള്ള അഭിമുഖത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ആരോപണമുയരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ വരുന്നില്ലന്നും അവര്‍ സ്വന്തം പ്രതിഛായയുടെ തടവറയിലാണെന്നുമായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. ഇത് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ശരിവെക്കുകയും ചെയ്തിരുന്നു. റിയാസിന്റെ ആരോപണം മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വികാരം തന്നെയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതേ നാണയത്തിലോ അതിനേക്കാള്‍ കൂടുതലോ ആയി തിരിച്ചടിക്കാനുള്ള തീരുമാനം.

പ്രതിരോധിക്കുന്നതിനെക്കാള്‍ നല്ലത് തിരിച്ചടിക്കുന്നതാണെന്ന കണക്ക് കൂട്ടലിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയുള്ള നീക്കം. 2020ല്‍ ഉയര്‍ന്ന പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഇപ്പോള്‍ കേസെടുക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗം തന്നെ. മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കി കേസെടുക്കുന്നതും തിരിച്ചടിയുടെ ഭാഗം തന്നെയാണ്.

സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ മാധ്യങ്ങള്‍ തിരിയുന്നത് തടയുക എന്ന ലക്ഷ്യം തന്നെയാണ് ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലക്കെതിരെയുള്ള കേസ്. സര്‍ക്കാറിനേയും പാര്‍ട്ടിയേയും വിമര്‍ശിച്ച് മാധ്യമങ്ങള്‍ രംഗത്തെത്തിയാല്‍ തുടര്‍ന്നും ഇതുതന്നെയാകുമെന്ന സൂചനയാണ് മറ്റുള്ളവര്‍ക്ക് ഇതുവഴി നല്‍കുന്നത്.

എല്ലാവരും തങ്ങള്‍ക്കെതിരാണെന്ന ധാരണയിലാണ് സി പി എമ്മും സര്‍ക്കാരും. അതുകൊണ്ട് തന്നെ എന്ത് ആരോപണം വന്നാലും മൃദുസമീപനം ഇനി വേണ്ടെന്ന നിലപാടിലാണ്. ഇതിനുള്ള നിര്‍ദേശം സൈബര്‍ സഖാക്കള്‍ക്കും നല്‍കിക്കഴിഞ്ഞത്രെ. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ യു ഡി എഫ് ഭരണകാലത്തെ അഴിമതികളെല്ലാം പൊടിതട്ടിയെടുക്കാനും തീരുമാനമുണ്ട്. ഈ സര്‍ക്കാറിന്റെ ഇനിയുള്ള കാലം പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഉയരാതെ നോക്കുന്നതിന് പ്രത്യാക്രമണമാണ് നല്ലതെന്ന നിലപാടും സി പി എമ്മിനുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ പ്രതിപക്ഷത്തെ പലര്‍ക്കുമെതിരെ കേസുകളുണ്ടാകും. മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താനും ശ്രമങ്ങളുണ്ടാകും.