രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പോരാടാന്‍ അച്ചടക്കവും ഐക്യവും ശക്തമാക്കണം: താരിഖ് അന്‍വര്‍ എം പി

Kerala

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പോരാടാന്‍ അടിത്തട്ടു മുതലുള്ള അച്ചടക്കവും ഐക്യവും കൂടുതല്‍ ശക്തമാക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എം പി പറഞ്ഞു. കഠിനാധ്വാനവും ആത്മാര്‍ത്ഥതയുമുള്ള പ്രവര്‍ത്തനമാണ് ഓരോ പ്രവര്‍ത്തകരും ലക്ഷ്യമിടേണ്ടത്. അച്ചടക്കം എല്ലാ പാര്‍ട്ടിയിലും പരമപ്രധാനമാണ്. എല്ലാവരും അത് ഉറപ്പുവരുത്തണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ ഹൈക്കമാന്റിനോടും നേതൃത്വത്തോടും പറയാമെന്നും ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങണമെന്നും താരീഖ് അന്‍വര്‍ വ്യക്തമാക്കി. പുതുതായി ചുമതലയേറ്റെടുത്ത ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ ഉത്തര മേഖല കോണ്‍ക്ലേവ് ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു താരിഖ് അന്‍വര്‍.

ചരിത്രത്തെയും പൂര്‍വികരെയും തിരസ്‌ക്കരിച്ച് ആര്‍ക്കും മുന്നോട്ടു നീങ്ങാനാവില്ല. ഭരണഘടന മൂല്യങ്ങള്‍ ബി ജെ പി കശാപ്പു ചെയ്യുകയാണ്. രാജ്യം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ ബ്രിട്ടീഷുകാരെപോലെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബി ജെ പി. ഭരണഘടനയെത്തന്നെ ഇല്ലാതാക്കികൊണ്ടിരിക്കുന്ന നയമാണ് നടപ്പിലാക്കുന്നതെന്നും വിഭജനം ലക്ഷ്യമിട്ടുള്ള ബി ജെ പിയുടെ പ്രവര്‍ത്തനത്തിന് തടയിടാനും ജനാധിപത്യം കാത്തുസൂക്ഷിക്കാനും കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടു നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ പി സി സി പ്രസിഡന്റ്‌കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ സ്വാഗതവും കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ് നന്ദിയും പറഞ്ഞു. കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പ്രസിഡന്റുമാരുടെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന് രാവിലെ 10.30ന് കെ പി സി സി പ്രസിഡന്റ് പതാക ഉയര്‍ത്തിയതോടെയാണ് തുടക്കമായത്. രാഷ്ട്രപിതാവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.

ക്യാമ്പ് ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ് നേതൃത്വം നല്‍കി. കോണ്‍ഗ്രസ് ചരിത്രവും പ്രത്യയശാസ്ത്രവും എന്ന വിഷയത്തെ കുറിച്ച് പ്രമുഖ എഴുത്തുകാരി സുധ മേനോന്‍ ക്ലാസെടുത്തു. സാമൂഹ്യ മാധ്യമ പ്രവര്‍ത്തനത്തിന്റെ രൂപരേഖ വിഷ്വല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി സരിന്‍ അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കുള്ള മാര്‍ഗരേഖ അവതരണ സെഷനില്‍ കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അവതരിപ്പിച്ചു. ഏഴ് ജില്ലകളില്‍ നിന്നുമായി 144 ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാര്‍ പങ്കെടുത്തു.

അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍ എം പി, എം കെ രാഘവന്‍ എം പി, കെ സി അബു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തില്ല. ബ്ലോക്ക് പുനഃസംഘടനയെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് രാഘവനും അബുവും വിട്ടുനിന്നത്.